തീരത്തെ വീടുകള്‍ പൊളിക്കേണ്ടതില്ല; ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: കടല്‍തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റണമെന്ന വിവാദ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. നിര്‍മ്മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണ്‍ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്.

നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ എന്‍. ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ നാലാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തോട് നിര്‍ദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനിടയിലാണ് 80 പേര്‍ക്ക് നല്‍കിയ നോട്ടീസ് ദ്വീപ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.

Top