കേരളത്തിലെ കല്‍ക്കരി ക്ഷാമം; ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്നതടക്കമുള്ള വിഷയങ്ങള്‍ ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിസന്ധി തുടര്‍ന്നാല്‍ പവര്‍ക്കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമാകുന്നതാണ് കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നത്. കോഴിക്കോട് ഡീസല്‍ താപനിലയത്തിന്റെ പ്രവര്‍ത്തനത്തിന് ഇന്ധനം ബിപിസിഎലിനോട് ആവശ്യപ്പെടാനാണ് കെഎസ്ഇബിയുടെ നീക്കം.

സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെയാണ് വ്യക്തമാക്കിയത്. രാജ്യത്തെ കല്‍ക്കരി ക്ഷാമം കേരളത്തെയും ബാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതില്‍ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ പവര്‍ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോര്‍ഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ കേരളത്തില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗം കുറയാറുണ്ട്. അതിനാല്‍ അടുത്ത വേനല്‍ക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടര്‍ന്നാല്‍ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാത്ത രീതിയിലാകും പവര്‍കട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

Top