കല്‍ക്കരിക്ഷാമം രൂക്ഷം; തലസ്ഥാനത്ത് പവര്‍കട്ട് ഭീഷണി

ന്യൂഡല്‍ഹി: കല്‍ക്കരി ശേഖരം തീരാന്‍ തുടങ്ങിയതോടെ തലസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. നഗരത്തില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുമാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കല്‍ക്കരി ശേഖരം മാത്രമേ ഉള്ളൂവെന്നാണ് ഔദ്യോഗികവൃത്തങ്ങളുടെ വെളിപ്പെടുത്തല്‍.

തുടര്‍ന്ന്, വരും ദിവസങ്ങളില്‍ ലോഡ് ഷെഡ്ഡിങ് വേണ്ടിവരുമെന്ന് വിതരണക്കമ്പനിയായ ടാറ്റ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് (ടി.പി.ഡി.ഡി.എല്‍.) സി.ഇ.ഒ. ഗണേഷ് ശ്രീനിവാസന്‍ അറിയിച്ചു. സാധാരണ 20 ദിവസത്തേക്കുള്ള മുന്‍കൂര്‍ കല്‍ക്കരി ശേഖരം ഉണ്ടാവാറുണ്ട്. നിശ്ചിത ഇടവേളകളിലുള്ള ലോഡ് ഷെഡ്ഡിങ്ങിന് നിര്‍ബന്ധിതമാവുമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും കല്‍ക്കരി എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടക്കന്‍ ഡല്‍ഹി, വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി എന്നിവിടങ്ങളില്‍ ടി.പി.ഡി.ഡി.എലിനാണ് വൈദ്യുതിവിതരണച്ചുമതല. വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ക്ക് മൊബൈലില്‍ സന്ദേശങ്ങളും അയച്ചുതുടങ്ങി. അതേസമയം, നഗരത്തിലെ മറ്റുരണ്ടു പ്രമുഖ വിതരണക്കമ്പനികളായ ബി.ആര്‍.പി.എല്‍, ബി.വൈ.പി.എല്‍ എന്നിവ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചിട്ടില്ല. റിലയന്‍സിനുകീഴിലുള്ളതാണ് ഈ രണ്ടുകമ്പനികള്‍.

കഴിഞ്ഞ ഞായറാഴ്ച കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഒരാഴ്ചത്തേക്കുള്ള കല്‍ക്കരി ശേഖരം മാത്രമേ 25 വൈദ്യുതി നിലയങ്ങളിലായുള്ളൂ. 21,325 മെഗാവാട്ട് ഊര്‍ജശേഷിയുള്ള 17 നിലയങ്ങളില്‍ കല്‍ക്കരി ശേഖരമില്ല. കൂടാതെ, 22,550 മെഗാവാട്ട് ശേഷിയുള്ള 20 നിലയങ്ങളില്‍ ഒരു ദിവസത്തേക്കുമാത്രമേ കല്‍ക്കരി തികയൂ. ഉത്സവവേള കണക്കിലെടുത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായാല്‍ സ്ഥിതിഗതി കൂടുതല്‍ രൂക്ഷമാവും.

കല്‍ക്കരിക്ഷാമം രാജ്യവ്യാപകമായിട്ടുള്ള പ്രശ്‌നമായതിനാല്‍ ഡല്‍ഹിയില്‍ കൂടുതല്‍ പ്രതിസന്ധി നേരിടാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

 

Top