Coal Scam – CBI

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘത്തില്‍പ്പെട്ട ചില സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയതായി ആരോപണം.

അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ സി.ബി.ഐ ഡയറക്ടര്‍ക്ക് എഴുതിയ കത്തിലാണ് ഈ വെളിപ്പെടുത്തല്‍.
സത്യസന്ധനായ ഒരു ഓഫീസര്‍ എന്ന് ഒപ്പിട്ട അയച്ച കത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് പുറത്ത് വിട്ടത്.

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട ചില കേസുകള്‍ ഒതുക്കിത്തീര്‍ക്കാനും അട്ടിമറിക്കാനുമായി മേലുദ്യോഗസ്ഥര്‍ കോടികള്‍ കോഴ വാങ്ങുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്.

അന്വേഷണം അവസാനിപ്പിച്ചുവെന്ന് സുപ്രീം കോടതിയെ അറിയിച്ച ചില കേസുകള്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ പുനരന്വേഷണം നടത്തുന്നതായും കത്തില്‍ പറയുന്നു.

സി.ബി.ഐ ഡയറക്ടറുടെ പേരിലാണ് പണം വാങ്ങുന്നതെന്നും ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും കത്തില്‍ ആരോപിക്കുന്നു.
മാര്‍ച്ച് അവസാന ആഴ്ചയിലാണ് സി.ബി.ഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.

കല്‍ക്കരിപ്പാടം അഴിമതിക്കേസ് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് കത്തയച്ചതെന്ന് സ്ഥിരീകരിച്ചതായും പത്രം അവകാശപ്പെട്ടിട്ടുണ്ട്.ഈ മാസം നാലിന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് വെളിപ്പെടുത്തല്‍.

Top