കല്‍ക്കരി കേസില്‍ എച്ച് സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

ന്യൂഡല്‍ഹി: കല്‍ക്കരി കേസില്‍ മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. 5 പേരെ കുറ്റക്കാരായി കണ്ടെത്തി. രണ്ട് പേര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷയും വിധിച്ചു.

ഗുപ്തയ്ക്ക് പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ കെഎസ് ക്രോപ്പ, കെസി സാമ്രിയ എന്നിവരുള്‍പ്പെടെ 5 പേരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കെതിരെ പരമാവധി ശിക്ഷയായ ഏഴ് വര്‍ഷത്തെ തടവ് തന്നെ വിധിക്കണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്.

ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ. ബസു, സ്വകാര്യകമ്പനികളായ വിന്നി അയണ്‍, സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡ് എന്നിവരെയും കുറ്റക്കാരായി കണ്ടെത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത.

കല്‍ക്കരിപ്പാടം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്ത സ്‌ക്രീനിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു ഗുപ്ത. 2007ല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ കൃത്രിമം കാണിച്ചുവെന്നും കമ്പനിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്.

Top