Coal scam case: Court fixes March 4 for order on framing charges

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് മാര്‍ച്ച് നാലിന്. ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമസ്ഥന്‍ നവീന്‍ ജിന്‍ഡാല്‍, മുന്‍ കല്‍ക്കരി സഹമന്ത്രി ദസരി നാരായണ്‍ റാവു, മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ എന്നിവരടക്കം 13 പേര്‍ പ്രതികളായ കേസാണിത്. ഡല്‍ഹി പ്രത്യേക സിബിഐ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹാജരാക്കിയ രേഖകള്‍ പരിശോധിയ്ക്കാനുള്ളതിനാലും സിബിഐയുടേയും പ്രതിഭാഗത്തിന്റേയും തുടര്‍വാദങ്ങള്‍ കേള്‍ക്കേണ്ടതുള്ളത് കൊണ്ടും ഉത്തരവ് നീട്ടി വയ്ക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ അമര്‍കൊണ്ട മുര്‍ഗദംഗല്‍ കല്‍ക്കരിപ്പാടം അനധികൃതമായി ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് അയണ്‍ പവര്‍ ലിമിറ്റഡ് (ജെഎസ്പിഎല്‍), ഗഗന്‍ സ്‌പോഞ്ച് അയണ്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിഎസ്‌ഐപിഎല്‍) എന്നീ കമ്പനികള്‍ക്ക് അനുവദിച്ചതായാണ് കേസ്.

അനധികൃത അനുമതിയ്ക്കായി നവീന്‍ ജിന്‍ഡാല്‍, ഡി.എന്‍ റാവു, മധുകോഡ എന്നിവര്‍ ഗൂഢാലോചന നടത്തിയതായാണ് സിബിഐയുടെ ആരോപണം. അതേസമയം ആരോപണം മൂന്ന് പേരും നിഷേധിച്ചു.

ജിന്‍ഡാല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ രാജീവ് ജെയിന്‍, ജിഎസ്‌ഐപിഎല്‍ ഡയറക്ടര്‍മാരായ ഗിരീഷ് കുമാര്‍ സുനേജ, രാധാകൃഷ്ണ സരഫ്, ന്യൂഡല്‍ഹി എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സുരേഷ് സിംഗാള്‍ എന്നിവരും കേസില്‍ പ്രതികളാണ്. ജെഎസ്പി.എല്‍, ജെആര്‍പിഎല്‍, ഗഗന്‍ ഇന്‍ഫ്രാ എനര്‍ജി ലിമിറ്റഡ്, സൗഭാഗ്യ മീഡിയ ലിമിറ്റഡ്, ന്യൂഡല്‍ഹി എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളും കേസില്‍ പ്രതികളാണ്.

Top