അമ്പത് ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് കോള്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാര്‍

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരുടെ സംഘടനകള്‍ 50 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ടിരിക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ ലാഭ വര്‍ദ്ധനവ് ഉണ്ടാകുമെന്നും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കും എന്നുമുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ജീവനക്കാരുടെ സംഘടനകള്‍ ഇത്തരമൊരു ആവശ്യം മാനേജ്‌മെന്റിന് മുന്നില്‍ വെച്ചിരിക്കുന്നത്.

തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ മാനേജ്‌മെന്റുമായി പ്രാഥമിക ചര്‍ച്ച നടത്തി. ആവശ്യങ്ങളില്‍ വരും മാസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. ഇതിനുശേഷം മാത്രമേ അന്തിമ തീരുമാനത്തിലേക്ക് എത്തുകയുള്ളൂ. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ടു ഭാഗവും കല്‍ക്കരി ഉപയോഗിച്ചുള്ളതാണ്. കല്‍ക്കരി ഖനന രംഗത്ത് ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനിയുമാണ് പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ.

കോള്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാം എന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദ്ദതന്ത്രം കൂടിയായാണ് ഇപ്പോഴത്തെ വേതന വര്‍ദ്ധനവ് ആവശ്യത്തെ വിദഗ്ദര്‍ നോക്കിക്കാണുന്നത്. എങ്കിലും വൈദ്യുതി നിരക്ക് വര്‍ധനവില്‍ ആയിരിക്കും ഇത് ചെന്ന് നില്‍ക്കുകയെന്നും കരുതുന്നു.

Top