കല്‍ക്കരി പ്രതിസന്ധി: കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി. യോഗം മണിക്കൂറുകള്‍ നീണ്ടു. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഡല്‍ഹിയടക്കം നിരവധി സംസ്ഥാനങ്ങില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. പവര്‍ പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്‌റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു. ഡല്‍ഹി ഗുരുതര ഊര്‍ജ പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Top