സി.ഒ.എ.ഐ. ടെലികോം വരിക്കാരുടെ കണക്കുകള്‍ പുറത്തുവിട്ടു ; 97.54 കോടി ഉപഭോക്താക്കള്‍

business

കൊച്ചി: രാജ്യത്തെ ടെലികോം സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐ. 2017 നവംബര്‍ അവസാനം വരെയുള്ള ടെലികോം ഉപഭോക്താക്കളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ ഉപഭോക്താക്കളുടെ എണ്ണം 97.54 കോടിയിലെത്തി.

ഭാരതി എയര്‍ടെല്ലാണ് കമ്പനികളില്‍ ഒന്നാം സ്ഥാനത്ത്. നവംബറില്‍ 40.4 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് മൊത്തം വരിക്കാരുടെ എണ്ണം 28.95 കോടിയായിട്ടുണ്ട്. എന്നാല്‍ 21.10 കോടിയുമായി വോഡഫോണ്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. 19.40 കോടി ഉപഭോക്താക്കളാണ് ഐഡിയയ്ക്ക് ഉള്ളത്.

ഓരോ വ്യക്തിക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ ടെലികോം വ്യവസായം അവസരമൊരുക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പരിപാടി രാജ്യത്തുടനീളം വ്യാപിക്കുന്നതില്‍ ഓപറേറ്റര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും സി.ഒ.എ.ഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യുസ് വ്യക്തമാക്കി.

വിവിധ ഭാഗങ്ങളിലെ മൊബൈല്‍ വരിക്കാരുടെ എണ്ണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 8.49 കോടി വരിക്കാരുമായി യുപിയുടെ കിഴക്കന്‍ മേഖലയാണ് ഏറ്റവും മുന്നില്‍. 8.15 കോടിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.

Top