പരിശീലകനായി ഉടന്‍ തിരിച്ചെത്തുമെന്ന് സിനദിന്‍ സിദാന്‍

മാഡ്രിഡ്: പരിശീലകനായി ഉടന്‍ തിരിച്ചെത്തുമെന്ന് ഫ്രാന്‍സിന്റെ ഇതിഹാസതാരവും, റയല്‍ മാഡ്രിഡ് പരിശീലകനുമായിരുന്ന സിനദിന്‍ സിദാന്‍. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് കിരീടം നേടിക്കൊടുത്ത ശേഷമായിരുന്നു സിദാന്‍ ക്ലബില്‍ നിന്നും പടിയിറങ്ങിയത്.

ഒരു സംശയവുമില്ലെന്നും,പരിശീലക വേഷത്തില്‍ ഉടന്‍ മടങ്ങിയെത്തുമെന്നും, കാരണം ആ ജോലി താന്‍ വളരെയേറെ ആസ്വദിക്കുന്നു എന്നായിരുന്നു സ്വകാര്യ ചാനലിനോട് സിദാന്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇംഗ്ലീഷ് പത്രവും സിദാന്റെ മാഞ്ചസ്റ്ററിലേക്കുള്ള വരവിന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

സിദാന്റെ വരവിന് മുന്നോടിയായി ടോണി ക്രൂസ്, തിയാഗോ അലക്‌സാന്‍ഡ്ര, ജെയിംസ്, കവാനി എന്നിവരെ മാഞ്ചസ്റ്റര്‍ കൂടാരത്തിലെത്തിക്കുമെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. മോശം ഫോമിലായതിനെ തുടര്‍ന്ന് പരിശീലക സ്ഥാനത്തു നിന്നും മൊറീഞ്ഞോയെ മാറ്റി സിദാനെ ചുമതലയേല്‍പ്പിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് സിദാന്റെ പ്രതികരണം.

കളിക്കാരനായി വളരെയധികം കാലം റയലിനൊപ്പം ഉണ്ടായിരുന്ന സിദാന്‍ പരിശീലകനായി റയലില്‍ മാത്രമാണ് സേവനമനുഷ്ഠിച്ചിട്ടുള്ളത്. പ്രീമിയര്‍ ലീഗില്‍ ആദ്യ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു മത്സരങ്ങളും തോറ്റ് പത്താം സ്ഥാനത്താണ് യുണൈറ്റഡ്. ഇതേ ഫോമില്‍ തന്നെ മുന്നോട്ടു പോവുകയാണെങ്കില്‍ മൊറീന്യോ മാറി സിദാന്‍ വരുമെന്നാണ് സൂചനകള്‍ ലഭിച്ചിരിക്കുന്നത്.

Top