‘നിങ്ങള്‍ക്ക് വട്ടാണ്’ ചരിത്ര വിജയം നേടിയിട്ടും രവി ശാസ്ത്രിക്ക് പൊങ്കാലയുമായി ആരാധകര്‍; കാരണം ഇതാണ്

സിഡ്നി: ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യക്കാര്‍ മുഴുവന്‍. പക്ഷേ ആ നേട്ടത്തിന്റെ സന്തോഷത്തിനിടയിലും ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കും കൊഹ്ലിക്കും നേരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്.

അതിന് കാരണം മറ്റൊന്നുമല്ല. ഇന്ത്യ ഓസിസില്‍ വിജയക്കൊടി പാറിച്ചത് സന്തോഷം തന്നെ എന്നാല്‍ ആ വിജയം കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ അമൂല്യ നേട്ടങ്ങള്‍ ആയ 1983ലെയും 1987ലെയും വിജയങ്ങളെ കൊഹ്ലിയും രവി ശാസ്ത്രിയും താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്.

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രവി ശാസ്ത്രി നടത്തിയ ഒരു പരാമര്‍ശമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയം 1983-ലെ ലോകകപ്പ് വിജയവുമായി ശാസ്ത്രി താരതമ്യപ്പെടുത്തുകയായിരുന്നു. 1983-ലെ ലോകകിരീടത്തിനേക്കാളും 1985-ലെ ക്രിക്കറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനേക്കാളും മികച്ചതാണ് ഈ പരമ്പര വിജയമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. ‘1983-ലെ വിജയത്തേക്കാളും 1985-ലെ ക്രിക്കറ്റ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനേക്കാളും ഈ വിജയം എനിക്ക് സംതൃപ്തി നല്‍കുന്നു. ഇത് വലിയ വിജയമാണ്. ക്രിക്കറ്റിലെ ഏറ്റവും പ്രയാസകരമായ ഫോര്‍മാറ്റിലാണ് ഈ വിജയമെന്നോര്‍ക്കണം.’ ശാസ്ത്രി വ്യക്തമാക്കി.

ശാസ്ത്രി മാത്രമല്ല കൊഹ്ലിയും ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. തന്നെ സംബന്ധിച്ച് 2011-ലെ ലോകകപ്പ് വിജയത്തേക്കാളും വിലപ്പെട്ടതാണ് ഈ വിജയമെന്നായിരുന്നു കൊഹ്ലിയുടെ കമന്റ്. ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. 2004ന് ശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നേടാനും ഇന്ത്യക്കായി. ഓസീസ് മണ്ണില്‍ പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനായും ഇന്ത്യന്‍ ക്യാപ്റ്റനായും കൊഹ്ലി മാറി. പക്ഷേ ആ നേട്ടം അംഗീകരിക്കുന്നു എങ്കിലും തങ്ങളുടെ മറ്റ് നേട്ടങ്ങളെ മറക്കാന്‍ തയ്യാറല്ല എന്നാണ് ആരാധകര്‍ പറയുന്നത്.

Top