യൂറോ കപ്പ് ഫുട്‌ബോള്‍ കഴിയും വരെ ഇംഗ്ലണ്ട് ടീമിനൊപ്പം തുടരുമെന്ന് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ്

ലണ്ടന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ കഴിയും വരെ ഇംഗ്ലണ്ട് ടീമിനൊപ്പം തുടരുമെന്ന് പരിശീലകന്‍ ഗാരെത് സൗത്ത്ഗേറ്റ്. എറിക് ടെന്‍ ഹാഗിന് പകരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനാകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് സൗത്ത്ഗേറ്റിന്റെ പ്രഖ്യാപനം. ഡിസംബര്‍ വരെയാണ് ഇംഗ്ലണ്ട് ടീമില്‍ സൗത്ത്ഗേറ്റിന്റെ കാലാവധി.

യൂറോ കപ്പിലെ മുന്നേറ്റമാണ് തന്റെ ലക്ഷ്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇപ്പോഴൊരു പരിശീലകനുണ്ട്. ഒരാള്‍ ആ സ്ഥാനത്തുള്ളപ്പോള്‍ തന്റെ പേര് അവിടേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലെന്നും സൗത്ത്‌ഗേറ്റ് പ്രതികരിച്ചു.

ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം സൗത്ത്ഗേറ്റിന്റെ നാലാമത്തെ പ്രധാന ടൂര്‍ണമെന്റാണിത്. 1966ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലണ്ട് അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടില്ല. ഇംഗ്ലണ്ട് ടീമിനെ വീണ്ടും വിജയങ്ങളിലേക്ക് നയിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സൗത്ത്ഗേറ്റ് വ്യക്തമാക്കുന്നു.

Top