‘ഐ’ വിഭാഗത്തെ പിന്തുണച്ച് അമ്പരപ്പിച്ച് ജോസ് കെ മാണി വിഭാഗത്തിന്റെ കരുനീക്കം

രു കോ- ഒപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പ് വലിയ സംഭവമൊന്നും അല്ലങ്കിലും കട്ടപ്പന നല്‍കുന്നത് ഒരു സൂചന തന്നെയാണ്. ഇവിടെ മാര്‍ക്കറ്റിങ് കോ- ഒപ്പറേറ്റീവ് സൊസൈറ്റി തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സുകള്‍ ചേരിതിരിഞ്ഞ് കോണ്‍ഗ്രസ്സിലെ ഇരു വിഭാഗത്തിനൊപ്പവും നിന്നാണ് പോരാടിയിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ എ വിഭാഗത്തിനൊപ്പം ജോസഫ് വിഭാഗവും ഐ വിഭാഗത്തിനൊപ്പം ജോസ് കെ. മാണി വിഭാഗവുമാണ് പടപൊരുതിയിരുന്നത്.

യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പ്രശാന്ത് രാജുവിന്റെ നേതൃത്വത്തിലുള്ള എ വിഭാഗം , മുതിര്‍ന്ന നേതാക്കളെയടക്കം വെല്ലുവിളിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. ആകെയുള്ള 11 സീറ്റുകളില്‍ ഔദ്യോഗിക പാനലില്‍ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സ് ജോസ് പക്ഷം അഞ്ച് സീറ്റുകളിലുമാണ് മത്സരിച്ചത്. ഇതിനെതിരെ ജോസഫ് വിഭാഗത്തിന്റെ പിന്തുണയോടെ എ ഗ്രൂപ്പ് അവതരിപ്പിച്ച ബദല്‍ പാനലാണ് തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നത്. ഒരാളെ മാത്രമാണ് ഇവര്‍ക്ക് കഷ്ടിച്ച് വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ പരസ്പരം കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ ഏറ്റുമുട്ടുകയുമുണ്ടായി. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഈ സംഘര്‍ഷത്തില്‍ പരിക്കേറ്റിരിക്കുന്നത്.

പാലായില്‍ തകര്‍ന്ന കേരള കോണ്‍ഗ്രസ്സ് ‘പാലം’ കട്ടപ്പനയില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് ഇവിടെ സ്ഥിതി സങ്കീര്‍ണ്ണമാക്കിയിരിക്കുന്നത്. കെ.എം മാണിയെ ബാര്‍ കോഴ കേസില്‍ കുരുക്കുന്നതില്‍ വില്ലനായത് ചെന്നിത്തലയാണെന്ന ആക്ഷേപം മറന്നാണ് ജോസ് കെ. മാണി വിഭാഗം ഇവിടെ ഐ വിഭാഗത്തോട് സഹകരിച്ചിരിക്കുന്നത്. ഈ ബന്ധം സംസ്ഥാന വ്യാപകമായി കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ഇരു വിഭാഗത്തിന്റേയും ഇപ്പോഴത്തെ തീരുമാനം.

കേരള കോണ്‍ഗ്രസ്സ് തമ്മിലടിയില്‍ പി.ജെ. ജോസഫിന് വളമേകുന്നത് ഉമ്മന്‍ ചാണ്ടിയും എ വിഭാഗവുമാണെന്ന ആക്ഷേപം നിലവില്‍ ജോസ് കെ. മാണി വിഭാഗത്തില്‍ ശക്തമാണ്. ഉമ്മന്‍ ചാണ്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ പാലായില്‍ പി.ജെ ജോസഫ് പിന്നോട്ട് പോകുമായിരുന്നു എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ചിഹ്നം പോലും നിഷേധിച്ച നേതാവിനെ യു.ഡി.എഫില്‍ നിര്‍ത്തുന്നത് തന്നെ വലിയ തെറ്റാണെന്നാണ് ജോസ് കെ. മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നത്. രണ്ട് പാര്‍ട്ടിയായി മാറുകയല്ലാതെ ഇനി കേരള കോണ്‍ഗ്രസ്സിന് മറ്റു മാര്‍ഗ്ഗമില്ലന്നാണ് ജോസഫ് വിഭാഗവും കരുതുന്നത്. യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ്സ് തങ്ങളുടേതാണ് എന്ന് സ്ഥാപിക്കാനാണ് ഇരുവിഭാഗവും ഇപ്പോള്‍ മുന്നണിയില്‍ കൊണ്ട്പിടിച്ച് ശ്രമിക്കുന്നത്.

ഉപതിരഞ്ഞെടുപ്പുകള്‍ കഴിയും വരെ പരസ്പരം ചെളിവാരി എറിയരുതെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിര്‍ദ്ദേശമൊന്നും ഇരു വിഭാഗവും കേട്ട ഭാവം പോലും കാണിക്കുന്നില്ല. രണ്ടാം നിര നേതാക്കള്‍ കൂടി പോര്‍വിളിയുമായി രംഗത്തിറങ്ങിയതോടെ കലുഷിതമായിരിക്കുകയാണിപ്പോള്‍ കേരള കോണ്‍ഗ്രസ്സ് രാഷ്ട്രീയം.

കോണ്‍ഗ്രസ്സിലെ ഇരു ഗ്രൂപ്പുകള്‍ക്കും കേരള കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ഒപ്പം വേണമെന്നതാണ് താല്‍പ്പര്യം. കോണ്‍ഗ്രസ്സിലെ ശാക്തിക ചേരിയില്‍ സ്വന്തം പക്ഷത്ത് ഘടക കക്ഷികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നില്‍. പാലായിലെ പാലം തകര്‍ന്നതൊന്നും എ, ഐ ഗ്രൂപ്പുകള്‍ക്ക് ഒരു പ്രശ്‌നവുമല്ല. കേരള കോണ്‍ഗ്രസ്സുകള്‍ തമ്മിലടിക്കുന്നതിന് എരിതീയില്‍ എണ്ണ ഒഴിച്ച് കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസ് ഗ്രൂപ്പുകളാണ്.

പാലായിലെ പരാജയത്തിന് കാരണം പി.ജെ ജോസഫാണെന്നാണ് ജോസ് കെ. മാണി വിഭാഗം പ്രധാനമായും ആരോപിക്കുന്നത്. എന്നാല്‍ ജോസ് കെ. മാണിയുടെ ധാര്‍ഷ്ട്യവും സ്ഥാനാര്‍ത്ഥിയുടെ നാവുമാണ് ചതിച്ചതെന്നാണ് ജോസഫ് വിഭാഗം തുറന്നടിക്കുന്നത്. ജോസഫിനെ നിയന്ത്രിക്കുവാന്‍ കഴിയാതിരുന്നതില്‍ ഉമ്മന്‍ ചാണ്ടിയെയും മുല്ലപ്പള്ളി രാമചന്ദ്രനെയുമാണ് ജോസ് കെ. മാണി വിഭാഗം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

മാണിയുടെ നേതൃത്വത്തില്‍ ഇടക്കാലത്ത് കേരള കോണ്‍ഗ്രസ്സ് യു.ഡി.എഫ് വിട്ടപ്പോള്‍ ഇടതുപക്ഷത്തേക്ക് പോകാതെ പിടിച്ച് നിര്‍ത്തിയത് പി.ജെ ജോസഫായിരുന്നു. ഇതാണ് ഉമ്മന്‍ ചാണ്ടിക്ക് ജോസഫിനോടുള്ള താല്‍പ്പര്യത്തിന് കാരണമെന്നാണ് ജോസ് വിഭാഗവും സംശയിക്കുന്നത്.

രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഉള്ള ജോസ്.കെ മാണി വിഭാഗത്തിനാണ് കേരള കോണ്‍ഗ്രസ്സില്‍ ശക്തി എന്നതിനാല്‍ ഐ വിഭാഗം തന്ത്രപരമായാണ് കരുക്കള്‍ നീക്കുന്നത്. പാലായിലെ തോല്‍വി താല്‍ക്കാലികമാണെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. പഴയ ‘തെറ്റ് തിരുത്തി’ ജോസ് കെ. മാണി വിഭാഗത്തിനൊപ്പം ഉണ്ടെന്ന സന്ദേശമാണ് അദ്ദേഹം ഈ വിഭാഗത്തിന് നല്‍കുന്നത്. വോട്ടെടുപ്പ് ദിവസം ജോസഫ് വിഭാഗം നേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായാണ് ചെന്നിത്തല പ്രതികരിച്ചിരുന്നത്. ഇതും ജോസ് കെ. മാണിയുടെ പ്രീതി ലക്ഷ്യമിട്ടായിരുന്നു.

യു.ഡി.എഫിന് ഇനി ഒരു സര്‍ക്കാറിന് വല്ല സാധ്യതയും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കസേര ഉറപ്പിക്കുന്നതിനായാണ് ഈ തന്ത്രപരമായ നീക്കം. മുസ്ലീംലീഗ് ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ ശക്തനായ മറ്റൊരു ഘടക കക്ഷി തന്റെയൊപ്പം വേണമെന്നാണ് ചെന്നത്തല കരുതുന്നത്. ജോസഫ് പക്ഷം ഉമ്മന്‍ ചാണ്ടിക്കൊപ്പം നിലയുറപ്പിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് വലിയ കാര്യമില്ലന്നാണ് ഐ വിഭാഗത്തിന്റെ അഭിപ്രായം. കേരള കോണ്‍ഗ്രസ്സ് അണികള്‍ ഇപ്പോഴും ജോസ് കെ. മാണി വിഭാഗത്തിനൊപ്പമാണെന്നാണ് ഐ വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പോലും ജോസഫ് വിഭാഗത്തെ കൂട്ട് പിടിച്ചിട്ടും എ വിഭാഗത്തിന് വിജയിക്കാന്‍ കഴിയാത്തതും ഐ വിഭാഗത്തിനിപ്പോള്‍ ആത്മവിശ്വസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരമാവധി ഇടങ്ങളില്‍ ജോസ് കെ. മാണി വിഭാഗവുമായി അടുപ്പം പുലര്‍ത്തി മുന്നോട്ട് പോകാനാണ് ഐ നേതൃത്വം കീഴ് ഘടകങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കട്ടപ്പന ഒരു സൂചനയായി കണ്ട് ജോസ് കെ. മാണി വിഭാഗത്തെ കൂടെ നിര്‍ത്തണമെന്ന നിര്‍ദ്ദേശം ഇടുക്കിയിലെ എ വിഭാഗം നേതാക്കളും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേവലം ഒരു സൊസൈറ്റി തിരഞ്ഞെടുപ്പിലെ ധാരണയായി കണ്ട് വില കുറച്ച് ഈ വിജയത്തെ കാണരുതെന്നാണ് ആവശ്യം. ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ്സ് അനുഭാവികള്‍ക്കിടയില്‍ സ്വാധീനമില്ലന്നും നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചിട്ടുണ്ട്.

ജോസഫിന് ശേഷം ആര് എന്ന ചോദ്യത്തിന് ആ വിഭാഗത്തിന് ഉയര്‍ത്തി കാട്ടാന്‍ പോലും മറ്റൊരു നേതാവില്ലന്നതാണ് ജോസഫ് പക്ഷം ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ജോസഫ് പക്ഷം മടിക്കുന്നതും ഈ യാഥാര്‍ത്ഥ്യം മുന്‍ നിര്‍ത്തിയാണ്. ഔദ്ദ്യോഗിക പാര്‍ട്ടി തന്റെ നേതൃത്വത്തിലാണെന്ന് സ്ഥാപിച്ച് പിന്നീട് പിന്‍ഗാമിയെ കണ്ടെത്താനാണ് ജോസഫിപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്ത് വിലകൊടുത്തും ജോസഫ് വിഭാഗത്തെ പുറത്താക്കുമെന്നാണ് ജോസ് കെ. മാണി പക്ഷം തുറന്നടിക്കുന്നത്.

ഇതിനിടെ, ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടിയാല്‍ ഒരു വിഭാഗം കേരള കോണ്‍ഗ്രസ്സുകാര്‍ ഇടതുപക്ഷത്തേക്ക് പോകാന്‍ സാധ്യത കൂടുതലാണന്ന അഭ്യൂഹവുമിപ്പോള്‍ ശക്തമായിട്ടുണ്ട്.

Political Reporter

Top