Co-operative sector crisis: LDF, UDF to hold joint protest

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരോപിച്ച് ഇടത് മുന്നണിയും യുഡിഎഫും സംയുക്തമായി സമരരംഗത്തിറങ്ങിയത് ആയുധമാക്കി നേട്ടം കൊയ്യാന്‍ ബിജെപി.

സംസ്ഥാനത്ത് ഇരുമുന്നണികളും ഒരേ തൂവല്‍ പക്ഷികളാണെന്ന ബിജെപിയുടെ മുന്‍നിലപാടുകള്‍ ശരിയാണെന്ന് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളുമെല്ലാം ഒത്തൊരുമിച്ച് നടത്തുന്ന സമരത്തോടെ വ്യക്തമായിരിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി ഇരുമുന്നണികളും നടത്തുന്ന സമരം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നു കഴിഞ്ഞു.

കള്ളപ്പണക്കാരെയും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെയും സംരക്ഷിക്കുന്നവരും, വികസന വിരോധികളും ഒന്നിച്ചണിനിരക്കുന്ന കള്ളപ്പണ സംരക്ഷണ മുന്നണിക്ക് ആയിരമായിരം ആശംസകള്‍ അര്‍പ്പിച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ആഞ്ഞടിച്ചു.

ഇടത്-വലത് നേതാക്കളുടെയും പാര്‍ട്ടികളുടെയും കള്ളപ്പണം സഹകരണ ബാങ്കുകളിലുണ്ടെന്ന ഗുരുതരമായ ആരോപണമാണ് സമരത്തെ പ്രതിരോധിക്കാന്‍ ബിജെപി ഉന്നയിക്കുന്നത്.

നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്ക് അല്‍പം പ്രയാസം നേരിടുന്നുണ്ടെങ്കിലും വലിയ ഒരു ലക്ഷ്യത്തിന് വേണ്ടിയുള്ള നടപടി ആയതിനാല്‍ ഭൂരിപക്ഷവും കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ പരസ്പരം സഹകരിച്ച് തെരുവിലിറങ്ങുന്ന ഇരുമുന്നണികളും ജനങ്ങളെ വിഢ്ഡികളാക്കുകയാണെന്നും യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപിയാണെന്നും ചൂണ്ടിക്കാട്ടി വിപുലമായ പ്രചരണ പരിപാടികളാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കള്ളപ്പണം തടയുന്നതിനായി ശരിയായ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മുന്നണികളുടെ പ്രചരണം ജനമധ്യത്തില്‍ തുറന്ന് കാട്ടുന്നതിനായി സജീവമായ ഇടപെടല്‍ നടത്താനാണ് വിവിധ സംഘടനാ കമ്മറ്റികള്‍ക്ക് സംഘ്പരിവാര്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാന്‍ ഇപ്പോഴത്തെ സാഹചര്യം വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് കാവിപ്പട.

യുവജന സമൂഹത്തെയാണ് പ്രധാനമായും ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇതോടൊപ്പം തന്നെ സ്ത്രീ ജനങ്ങളുടെ ഇടയില്‍ സ്വാധീനമുറപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

കേന്ദ്രസര്‍ക്കാരിനെതിരെ ഇടത്-യുഡിഎഫ് നേതൃത്വങ്ങല്‍ സംയ്ക്തമായി നടത്തുന്ന സമരത്തിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍മീഡിയയില്‍ ബിജെപി അനുഭാവികള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

മോദിക്കും ബിജെപിക്കുമെതിരായ കമന്റുകള്‍ക്കും , എതിരാളികളുടെ പ്രസ്താവനകള്‍ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് സംഘ്പരിവാര്‍ അംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ മറുപടി നല്‍കി വരുന്നത്.

Top