സഹകരണ ഭേദഗതി നിയമം; സര്‍വകക്ഷിയോഗം വിളിക്കുമെന്ന് കടകംപള്ളി

kadakampally-surendran

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തിനെതിരെ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. സഹകരണബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ കേരളത്തെ ലക്ഷ്യം വച്ചുള്ളതാണ്. സഹകരണമേഖലയെ സംരക്ഷിക്കാന്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. ഏപ്രില്‍ ഒന്നിന് പുതിയ നിയമഭേദഗതി നിലവില്‍ വരുന്നതോടെ പേരിനൊപ്പം ഇനി ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ല. ഇടപാടുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാകില്ലെന്നതും തിരിച്ചടിയാണ്. സഹകരണ ബാങ്കുകളുടെ അടിത്തറയിളക്കുന്ന നിയമത്തെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനം.

പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും റിസര്‍വ് ബാങ്കിന് ലഭിക്കുന്നതാണ് കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ പ്രൊഫഷണലിസത്തിന് എതിരല്ലെന്ന് മന്ത്രി വ്യക്തമാക്കി.

Top