സിഎന്‍ജി വിലവര്‍ധന; ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

ഡൽഹി: സിഎൻജി വിലവർധനയ്‌ക്കെതിരെ ഡൽഹിയിൽ ഓട്ടോ ടാക്‌സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് വർധിപ്പിക്കുകയോ, സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡിയോ വേണമെന്നാണ് ആവശ്യം. അതേസമയം വിഷയം പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

ഈ മാസം 18 മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് ഡ്രൈവർമാരുടെ പ്രഖ്യാപനം. ഒരു മാസത്തിനിടെ 13 രൂപയിലധികമാണ് ഡൽഹിയിൽ സിഎൻജി വില കൂടിയത്. നിലവിൽ ഒരു കിലോ സിഎൻജിക്ക് 71 രൂപ നൽകണം. യാത്രക്കൂലി വർധനവോ സബ്സിഡിയോ കിട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നും യൂണിയനുകൾ പറയുന്നു.

ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി മുതൽ ഡൽഹി മുഖ്യമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ തയ്യാറാകാത്ത പക്ഷമാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് തൊഴിലാളികൾ വ്യക്തമാക്കി. യൂണിയനുകളുടെ പണിമുടക്ക് ഭീഷണിക്ക് പിന്നാലെയാണ് നിരക്ക് പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

“ഇന്ധനവില ഉയരുന്നതിനാൽ ഓട്ടോ/ടാക്‌സി യൂണിയനുകൾ നിരക്ക് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവരുടെ ആശങ്കകൾ മനസ്സിലാക്കുന്നു. ഗതാഗത വകുപ്പ് ഉടൻ ഒരു കമ്മിറ്റി രൂപീകരിക്കും, സമയബന്ധിതമായി ശുപാർശകൾ നൽകും”- ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് ട്വീറ്റ് ചെയ്തു.

Top