അഡ്വ. കെ.എം. സച്ചിന്‍ദേവിന്റെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: കെ.എം സച്ചിന്‍ദേവിന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. കോവിഡ് മഹാമാരിയുടെ വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഘട്ടത്തില്‍ മറ്റേതു വിഭാഗത്തേക്കാളും ഒരുപക്ഷേ കൂടുതല്‍ ആഘാതമേറ്റത് ആഗോള തലത്തില്‍ തന്നെ കുട്ടികളുടെ പഠനത്തെയാണ്. ക്ലാസ്സ് മുറികളിലെ പഠനത്തിന്റെ അഭാവത്തിലും കുട്ടികളുടെ പഠനത്തില്‍ പോരായ്മ ഉണ്ടാവരുത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തത്. ഇത്തരം ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന ഒരു പ്രശ്നം എല്ലാവര്‍ക്കും ഈ സംവിധാനം ലഭ്യമാക്കുകയെന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബഹുജനങ്ങളുടെയും പിന്തുണയോടെ ഈ പരിമിതിയെ ഏറെക്കുറെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു.

ക്ലാസ്സ് മുറി വിട്ട് ഓണ്‍ലൈനിലൂടെ പഠന പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന തരത്തില്‍ നമ്മുടെ അധ്യാപക സമൂഹവും ഓണ്‍ലൈന്‍ സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. ഇതിലൂടെ വിദ്യാലയത്തിന്റെ അനുഭവങ്ങള്‍ ഒരു പരിധി വരെയെങ്കിലും പങ്കുവയ്ക്കാന്‍ പറ്റുന്ന ഒരു അവസ്ഥ സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ പരീക്ഷകള്‍ പോലും ഫലപ്രദമായി നടത്തുന്ന സ്ഥിതിയിലേക്ക് നമുക്ക് എത്തിച്ചേരാനുമായി.

കോവിഡ് -19 സൃഷ്ടിച്ച പരിമിതികളെ മറികടന്ന് പഠനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ബഹുജന പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്ന ഘട്ടത്തിലാണ് സച്ചിന്‍ദേവ് ചൂണ്ടിക്കാണിച്ച തരത്തിലുള്ള സാമൂഹ്യവിരുദ്ധരുടെ കടന്നുകയറ്റം ഉണ്ടായിട്ടുള്ളത്. സൈബര്‍ മേഖല ഏറെ നേട്ടങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ടെങ്കിലും ഇതുപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനും കുട്ടികളെ വഴിതെറ്റിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും സാമൂഹ്യവിരുദ്ധര്‍ നടത്തുന്നുണ്ട്. അത്തരമൊരു ഇടപെടലാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ വ്യാജ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്യുക, കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ഗ്രൂപ്പുകളില്‍ അശ്ലീല സംഭാഷണങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുക എന്ന സ്ഥിതി ഉണ്ടായത്. പഴുതടച്ചുള്ള സുരക്ഷയാണ് ഇക്കാര്യത്തില്‍ വേണ്ടത്. എന്നാല്‍ പല പ്ലാറ്റ്ഫോമുകളും വിദേശനിര്‍മ്മിതമാകയാല്‍ അവയുടെ നിയന്ത്രണത്തിന് പരിമിതികളുണ്ടെങ്കിലും ശക്തമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.

ഈ അധ്യയന വര്‍ഷം സംസ്ഥാനത്ത് ഇത്തരത്തിലുള്ള 51 പരാതികളാണ് പോലീസിന് ലഭിച്ചത്. അവ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ബോധം കുട്ടികളിലേയ്ക്ക് എത്തിക്കാനാവുകയുള്ളൂ. അതിന് നമ്മുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യം. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഈ രംഗത്ത് ഇടപെടാനുള്ള മാനസികാവസ്ഥയും ഇതോടൊപ്പം സൃഷ്ടിക്കാന്‍ കഴിയുക എന്നത് പ്രധാനമാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ കേരള പോലീസ് വിവിധ തലങ്ങളില്‍ സ്വീകരിച്ചുവരുന്നുണ്ട്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസിന്റെ വിഭാഗമാണ് സൈബര്‍ ഡോം. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി കുറ്റകൃത്യങ്ങള്‍ തടയുന്നതിനാവശ്യമായ സൈബര്‍ പട്രോളിംഗ് നടത്തുക, സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്സൈറ്റിന്റെ സുരക്ഷാ പരിശോധന നടത്തുക തുടങ്ങിയവ സ്വീകരിച്ചുവരുന്നുണ്ട്. ഇതിന് അന്താരാഷ്ട്ര, ദേശീയ പുരസ്‌കാരങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങള്‍, ഡാര്‍ക്ക്നൈറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ഈ അന്വേഷണങ്ങളില്‍ പ്രാദേശികമായി കുട്ടികളുടെ ചിത്രങ്ങളും ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതായി കേരള പോലീസ് സി.സി.എസ്.ഇ (കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍) കണ്ടെത്തിയിരുന്നു. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളെ വിവരങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കുട്ടികളെ വിദഗ്ധ കൗണ്‍സിലിംഗിന് നിര്‍ദ്ദേശിക്കുന്ന രീതിയും സ്വീകരിച്ചിരുന്നു. കൂടാതെ അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെ ഇന്റര്‍നെറ്റില്‍ നിന്നും ഇത്തരം കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.

ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കുട്ടികളെ അപകടത്തിലേക്ക് നയിക്കുന്ന ഗെയിം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കുന്ന കാര്യം സേവനദാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ നവമാധ്യമങ്ങളുടെ സാധ്യതകളെ പഠന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുക എന്നതിനൊപ്പം അതിന്റെ തെറ്റായ ഉപയോഗങ്ങളെ ബോധവത്ക്കരണങ്ങളിലൂടെ കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം കുട്ടികളുടെ പഠനപ്രവര്‍ത്തനത്തെപ്പോലും അശ്ലീല പ്രചരണത്തിന്റെയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റുന്ന ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം ഇത്തരം പ്രവര്‍ത്തനം നടത്തുന്നവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്താനുള്ള ശക്തമായ ഇടപെടലുകളും ഉണ്ടാവേണ്ടതുണ്ടെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Top