മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി; രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല

തിരുവനന്തപുരം: തനിക്ക് നേരെ അന്വേഷണം നീളുന്നുവെന്ന് മനസിലായപ്പോള്‍ ശിവശങ്കരനെ സസ്‌പെന്റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രക്ഷിക്കാനുള്ള എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് ശിവശങ്കരനെ സര്‍വീസില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ശക്തനായിരുന്നു ശിവശങ്കരന്‍. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴിവിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കരനാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കരന്‍ ചെയ്തത്.

അതിനാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയ്തതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കരന്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.

കള്ളക്കടത്തുകാര്‍ക്ക് ഗൂഢാലോചന നടത്താന്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ്. അതിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി എന്നതിന്റെ തെളിവുകളാണ് ഇവയെല്ലാം. അതിനാല്‍തന്നെ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top