മുഖ്യമന്ത്രിയുടെ വിദേശ യാത്ര നീട്ടി; നാളെ ദുബൈയിലേക്ക്

ദുബൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര നീട്ടി. ഇംഗ്ലണ്ടിൽ നിന്ന് മുഖ്യമന്ത്രി നാളെ ദുബൈയിൽ എത്തും. രണ്ട് ദിവസം മുഖ്യമന്ത്രി ദുബായിയിൽ ചെലവഴിക്കും. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല. യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

നിക്ഷേപം കൊണ്ടുവരാനുള്ള വിദേശ പര്യടനത്തിന് മുഖ്യമന്ത്രി ഭാര്യയെയും മകളെയും കൊച്ചുമകനേയും കൊണ്ടുപോയത് വിമർശനങ്ങൾ ഇടയാക്കിയിരുന്നു. നോര്‍വെയിൽ മുഖ്യമന്ത്രിക്കൊപ്പം കൊച്ചുമകനടക്കമുള്ള കുടുംബാഗങ്ങളും ഒപ്പമുണ്ടായിരുന്നു. നോര്‍വെ പിന്നിട്ട് യുകെയിലെത്തുമ്പോൾ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കൊപ്പം ഭാര്യ പാർവ്വതീദേവിയും ഉണ്ടായിരുന്നു.

വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നാണ് ഉയരുന്ന ചോദ്യം. യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ​ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള വിദേശയാത്ര തന്നെ വിവാദത്തിലാണ്. ഇതിന് പുറമെയാണ് അധിക ചെലവിനെ കുറിച്ചുള്ള വിമർശനം.

 

Top