വാർത്താവിനിമയ ഉപഗ്രഹം സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചതായി ഐഎസ്ആർഒ

ബെംഗളൂരു: ഇന്ത്യയുടെ നാൽപ്പത്തിരണ്ടാം വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 01 വിജയകരമായി വിക്ഷേപിച്ചതായി ഐഎസ്ആർഒ. പിഎസ്എൽവി സി 50 വിക്ഷേപണ വാഹനത്തിലായിരുന്നു വിക്ഷേപണം. ജിയോ ട്രാൻസ്ഫർ ഓർബിറ്റിലുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. നാല് ദിവസത്തിന് ശേഷം ഉപഗ്രഹം നിർദ്ദിഷ്ട ഭ്രമണപഥത്തിലേക്ക് ഉയർത്തും. പതിനൊന്ന് വർഷം മുമ്പ് വിക്ഷേപിച്ച ജിസാറ്റ് 12ന് പകരക്കാരനായാണ് സിഎംഎസ് 01 വരുന്നത്.

പിഎസ്എൽവി സി 51 ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതിയ യുഗത്തിന്റെ തുടക്കമായിരിക്കുമെന്നും ചന്ദ്രയാൻ 3, ആദിത്യ എൽ 1, ഗഗൻയാൻ എന്നീ അഭിമാന പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഇവ എത്രയും പെട്ടന്ന് പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎസ്ആർഒ ചെയർമാൻ ഡോ കെ ശിവൻ പറഞ്ഞു. ടീം ഇസ്രൊ സന്ദർഭത്തിനൊത്ത് ഉയരുകയും സർക്കാരിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുമെന്നും ഡോ ശിവൻ കൂട്ടിച്ചേർത്തു.

സ്വകാര്യ സ്റ്റാർട്ടപ്പായ പിക്സൽ ഇന്ത്യയുടെ ആനന്ദ് എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഇസ്രൊ പിഎസ്എൽവി സി 51 ഉപയോഗിച്ച് വിക്ഷേപിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി ഭൗമനിരീക്ഷണ ഉപഗ്രഹം നിർമ്മിക്കുന്നതും, അത് ഇസ്രൊ വിക്ഷേപിക്കുന്നതും. പുതിയ ബഹിരാകാശ നയമനുസരിച്ച് ഇൻസ്പേസ് മാനദണ്ഡങ്ങളനുസരിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്. പിക്സൽ ഇന്ത്യ ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണിയിലെ ആദ്യ ഉപഗ്രഹമായിരിക്കും ഇത്. ആനന്ദിനൊപ്പം സതീഷ് സാറ്റും, യൂണിറ്റ് സാറ്റും ഈ ദൗത്യത്തിലൂടെ വിക്ഷേപിക്കും.

Top