സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട്:ആദായ നികുതി വകുപ്പില്‍ നിന്ന് എസ്എഫ്ഐഒ വിവരങ്ങള്‍ തേടി

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് വിവാദ സാമ്പത്തിക ഇടപാടില്‍ ആദായ നികുതി വകുപ്പില്‍ നിന്ന് എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയതായി സൂചന. സിഎംആര്‍എല്‍ സമര്‍പ്പിച്ച ആദായ നികുതി വിവരങ്ങളില്‍ എസ്എഫ്ഐഒ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്നാണ് വിവരം. വൈകാതെ കെഎസ്ഐഡിസിയില്‍ നിന്നും അന്വേഷണസംഘം വിവരങ്ങള്‍ തേടും.

എക്സാലോജിക്കിന്റെ വിവര ശേഖരണത്തിനായി വീണാ വിജയനെ വിളിച്ചു വരുത്തുമോ എന്നതാണ് ഏറെ നിര്‍ണായകം. ബംഗളൂരുവിലെ എക്സാലോജിക്കിന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന സ്ഥലവും സംഘം പരിശോധിക്കും. ഇപ്പോള്‍ നടക്കുന്ന പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകള്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തെ അറിയിച്ച ശേഷമാകും എസ്എഫ്ഐഒ തുടര്‍ നടപടികളിലേക്ക് കടക്കുക.

സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ രണ്ടു ദിവസം നടത്തിയ പരിശോധനയില്‍ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എസ്എഫ്ഐഒ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായി ആദായ നികുതി വകുപ്പില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം, അത് കൂടി മുന്‍ നിര്‍ത്തിയാകും തുടര്‍ നടപടികള്‍. സിഎംആര്‍എല്ലില്‍ ഓഹരി പങ്കാളിത്തമുള്ള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയില്‍ നിന്നും ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി സംഘം ഈ ആഴ്ച്ചയോ അടുത്ത ആഴ്ച്ചയോ തിരുവനന്തപുരത്തെത്തും.

Top