ആരെയും പുറന്തള്ളില്ല, എല്ലാവരെയും നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ലോക്ക് ഡൗണില്‍ കുടുങ്ങി കേരളത്തിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി ചില ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലക്ഷക്കണക്കിന് പ്രവാസികളാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലും ഉള്ളത്. അവരെല്ലാം ഒന്നിച്ചെത്തുന്നത് രോഗവ്യാപനം കൂട്ടും. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ കരുതലോടെ സ്വീകരിക്കും. ആരെയും പുറന്തള്ളില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചെത്തുന്നവര്‍ക്ക് ശരിയായ പരിശോധനയും ക്വാറന്റൈനും ആവശ്യമാണ്. അതിനാല്‍ അവരെല്ലാം സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റുപോംവഴി ഇല്ലാത്തിനാലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. സമൂഹ വ്യാപനംപോലും ഉണ്ടാകും. മറ്റുസംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍തന്നെ അതാണ് സ്ഥിതി.വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും സഹോദരങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശങ്കവേണ്ട. കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താന് കേന്ദ്രം തയ്യാറാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top