പിടിയെ അവസാനമായി കാണാന്‍ മുഖ്യന്‍ എത്തും; പൊട്ടിക്കരഞ്ഞ് അണികള്‍

കൊച്ചി: പി ടി തോമസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയിലെത്തും. തിരുവനന്തപുരത്തുള്ള രാഷ്ട്രപതിയെ യാത്രയയച്ച ശേഷം മുഖ്യമന്ത്രി പുറപ്പെടും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കും.

വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖര്‍ തൊടുപുഴയില്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നല്‍കി.

പൊതുദര്‍ശനത്തിന് ശേഷം മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വൈകിയതിനാല്‍ കൊച്ചിയിലെ പൊതുദര്‍ശന സമയം ചുരുക്കിയിട്ടുണ്ട്. പാലാരിവട്ടത്തെ വീട്ടില്‍ 10 മിനിറ്റ് സമയം അന്തിമോപചാരം അര്‍പ്പിക്കാം. എറണാകുളം ഡിസിസിയില്‍ 20 മിനിറ്റ് സമയവും പൊതുദര്‍ശനം ഉണ്ടായിരിക്കും.

ടൗണ്‍ ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അര്‍പ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തില്‍ പി ടി തോമസിന്റെ പ്രിയപ്പെട്ട വോട്ടര്‍മാര്‍ യാത്രമൊഴി നല്‍കും. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി, വൈകിട്ട് എറണാകുളം രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

Top