സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24 മണിക്കൂറില്‍ മുല്ലപ്പെരിയാറില്‍ 190.4 മില്ലീമീറ്റര്‍ മഴ പെയ്ത് ഏഴടി ജലനിരപ്പാണ് ഉയര്‍ന്നത്, അതിനിയും ഉയരും. 136 അടി എത്തിയാല്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈകേയി ഡാമിലെത്തിക്കും. പതുക്കെ പുറത്തേക്ക് ഒഴുക്കിവിടണം. തമിഴ്‌നാടിനോട് ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് ബേസിനില്‍ വെള്ളത്തിന്റെ അളവ് കൂടി. പെരിങ്ങല്‍ക്കുത്ത് ഷട്ടറുകള്‍ തുറന്നുവെന്നും ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പറമ്പിക്കുളം, ആലിയാര്‍ അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് കേരളത്തെ ബന്ധപ്പെടണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമില്‍ നാല് ഷട്ടര്‍ തുറന്നു. പേപ്പാറ അണക്കെട്ടും തുറന്നു. തിരുവനന്തപുരത്ത് 37 വീട് പൂര്‍ണ്ണമായി തകര്‍ന്നു. 5348 ഹെക്ടര്‍ കൃഷി നശിച്ചു. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് കൊല്ലത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പത്ത് വള്ളം, 20 തൊഴിലാളികളുമാണ് പത്തനംതിട്ടയിലേക്ക് യാത്ര തിരിച്ചത്. പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്തനംതിട്ടയില്‍ 51 ക്യാമ്പുകള്‍ തുറന്നു. മൂഴിയാറിന്റെയും മണിയാറിന്റെയും സ്പില്‍വേ തുറന്നു. കക്കി ഡാമില്‍ മണ്ണിടിഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുള്ള സിഎഫ്എല്‍ടിസികളില്‍ നിന്ന് രോഗികളെ മറ്റ് സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. പമ്പയുടെ കൈവഴിയുടെ തീരപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കും. ചാലക്കുടിയില്‍ ആറ് ക്യാമ്പ് തുറന്നു. 139 പേര്‍ നിലവില്‍ അവിടെയുണ്ട്. വാളയാര്‍ ഡാം തുറക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഈ മേഖലയിലെ മണ്ണിടിച്ചില്‍ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കണം.

നിലമ്പൂര്‍-നാടുകാണി രാത്രി ഗതാഗതം നിരോധിച്ചു. പ്രളയ സാധ്യത പ്രദേശങ്ങളില്‍ 250 ബോട്ട് എത്തിച്ചു. ഒന്‍പതിടത്ത് രക്ഷാ പ്രവര്‍ത്തകരെ വിന്യസിച്ചു. വയനാട്ടില്‍ 77 ക്യാമ്പ് തുറന്നു. 1184 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിശക്തമായ മഴയുണ്ടായാല്‍ പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴിവാക്കണം. കാസര്‍കോട് കൊന്നക്കാട് വനത്തില്‍ മണ്ണിടിഞ്ഞു. ചൈത്രവാഹിനി പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയര്‍ന്നേക്കും. വയനാട്ടിലെ തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കൊവിഡ് നിയന്ത്രണ വിധേയമായി. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ കുറ്റ്യാടി ചുരം ഗതാഗത്തിന് തുറക്കും. രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നു. വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് ഗതാഗത നിരോധനം. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കുമെന്നാണ് കേന്ദ്ര മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചിലയിടങ്ങളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top