പാലക്കാട്ടെ സിപിഐഎമ്മിലെ വിഭാഗീയ നീക്കങ്ങളില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിലെ വിഭാഗീതയില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘടനാ റിപ്പോര്‍ട്ടിനുള്ള മറുപടി പ്രസംഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പാര്‍ട്ടിയിലെ വിഭാഗീയ നിലപാടിനെതിരെ രംഗത്ത് എത്തിയത്.

ചില നേതാക്കള്‍ തുരുത്തുകള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം തുരുത്തുകള്‍ക്ക് കൈകാലുകള്‍ മുളക്കുന്നത് കാണുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

വിഭാഗീയത സംസ്ഥാന തലത്തില്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിഞ്ഞു. എന്നാല്‍ പാലക്കാട് തുടരുകയാണ്. ഈ നിലപാട് ഇനിയും ആവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഇടപെടും. സ്വയം വിമര്‍ശനം നടത്തി പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രാദേശിക വിഭാഗീയത കൊണ്ട് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജില്ലയിലെ 15 ഏരിയാ കമ്മറ്റികളില്‍ ഒന്‍പത് ഇടത്ത് മത്സരം നടന്നതും വിഭാഗീയതയുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, പാലക്കാട്, കൊല്ലം ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസിന്റെ നിയന്ത്രണമില്ലാത്ത ഇടപെടല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാഴ്ത്തുന്നുവെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പോലും പൊലീസില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിലും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പാര്‍ട്ടി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്.

Top