മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ ; പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി

pinarayi-vijayan-

തിരുവനന്തപുരം : സംസ്ഥാനത്ത് മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കര്‍ശന നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്തി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം തയ്യാറാക്കി വകുപ്പുകള്‍ക്ക് നല്‍കി.

പ്രത്യേക ഫോമില്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. ഇതുവരെ നടപ്പാക്കിയ വികസന പദ്ധതികള്‍ ചെലവിഴിച്ച തുക, വരാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍. പദ്ധതികള്‍ക്ക് പ്രതീക്ഷിക്കുന്ന സമയപരിധി തുടങ്ങി സമഗ്ര വിവരങ്ങളടങ്ങിയതാണ് പ്രോഗ്രസ് റിപ്പോര്‍ട്ട്.

സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായിക്കൂടിയാണ് പ്രവര്‍ത്തന പരിശോധനയെന്നാണ് സൂചന. മന്ത്രിമാര്‍ക്കും വകുപ്പുകള്‍ക്കും നിരന്തര വിലയിരുത്തല്‍, സര്‍ക്കാറിന്റെ പ്രവര്‍ത്തന മികവളക്കാന്‍ ഇടക്കിടെ മന്ത്രിമാരുമായി കൂടിക്കാഴ്ചകള്‍, ഇതിനെല്ലാം പുറമെയാണ് മന്ത്രിമാരോട് മുഖ്യമന്ത്രി പ്രോഗ്രസ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്.

സി.പി.എം പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞാൽ മന്ത്രിസഭയിൽ ചില അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ നീക്കത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രവർത്തന മികവില്ലാത്തവരെ മാറ്റി പുതുമുഖങ്ങളെ മന്ത്രിസഭയിലെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുമെന്നാണ് അഭ്യൂഹം.

കോടതി കുറ്റവിമുക്തനാക്കിയ ഇ.പി.ജയരാജനും മന്ത്രിസഭാ പ്രവേശനം ആഗ്രഹിക്കുന്നുണ്ട്.

പ്രോഗ്രസ്സ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതോടെ ചില മന്ത്രിമാർക്ക് ചങ്കിടിച്ച് തുടങ്ങിയിട്ടുണ്ടത്രെ.

Top