സംസ്ഥാനത്ത് നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോ എടുത്ത് അയക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി 9 മണിക്ക് ശേഷമുള്ള വാഹനനിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരുചക്രവാഹന യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് പൊലീസിനെ അറിയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് ധരിക്കാത്ത 6187 സംഭവങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്നും ക്വാറന്റൈന്‍ ലംഘിച്ചതിന് 11 പേര്‍ക്കെതിരെ കേസെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ നിയന്ത്രണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ബാരിക്കേഡ് സ്ഥാപിക്കും. ഇവിടങ്ങളില്‍ ആര്‍ക്കും ഒരിളവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ മാനദണ്ഡവും പാലിച്ച് വാഹന പരിശോധന നടത്തും. രാത്രി ഒന്‍പത് മണിക്ക് ശേഷം വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന ചിലര്‍ മാസ്‌ക് ധരിക്കുന്നില്ല. മാസ്‌കും ഹെല്‍മെറ്റും ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കടകള്‍, ചന്തകള്‍, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ജനം കൂട്ടംകൂടാന്‍ അനുവദിക്കില്ലെന്നും പിണറായി വിജയന്‍ അറിയിച്ചു.

Top