മുഖ്യമന്ത്രി മരംമുറി വിവാദം മറയ്ക്കാന്‍ ശ്രമിക്കുന്നു; വി.ഡി സതീശന്‍

തിരുവനന്തപുരം: കെ സുധാകരനുമായുള്ള വാക്‌പോരിലൂടെ മരംമുറി വിവാദം മറയ്ക്കാനാണ് മുഖ്യമന്ത്ര പിമറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതുകൊണ്ടൊന്നും വനംകൊള്ള ഇല്ലാതാകില്ല. മരംമുറി കൂടുതല്‍ വിവാദമായതോടെ ശ്രദ്ധ തിരിക്കാനാണ് ഒരു കാര്യവുമില്ലാത്ത വിഷയത്തിലേക്ക് മുഖ്യമന്ത്രി ചര്‍ച്ച മാറ്റിയതെന്നും സതീശന്‍ ആരോപിച്ചു.

ഇല്ലാത്ത കാര്യം പെരുപ്പിച്ചാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറഞ്ഞത്. ഇതിനുള്ള കൃത്യമായ മറുപടി സുധാകരനും നല്‍കിയിട്ടുണ്ട്. സുധാകരന്‍ പറയാത്ത കാര്യങ്ങളാണ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. വിവാദമാകുന്നതിന് മുമ്പുതന്നെ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. അനാവശ്യമായ വിവാദമാണിതെന്നും ഇതിനുപിറകേ പോകേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും സതീശന്‍ വ്യക്തമാക്കി.

കോവിഡ് കാര്യങ്ങള്‍ വിശദീകരിക്കാനുള്ള വാര്‍ത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗപ്പെടുത്തുകയാണ്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെയാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോവിഡ് ലോക്ഡൗണ്‍ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും ആനൂകൂല്യങ്ങളും മറ്റും അറിയാനാണ് ആളുകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാണുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇത് ദുരുപയോഗപ്പെടുത്തിയെന്നും സതീശന്‍ ആരോപിച്ചു.

സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ സിപിഎം ഭയപ്പെട്ടു. ഇപ്പോഴത്തെ വിവാദം തുടങ്ങിവെച്ചത് സുധാകരനാണ് എന്നു പറയുന്നതിനോട് യോജിപ്പില്ല. മുഖ്യമന്ത്രി വീണ്ടും ആരോപണം ഉന്നയിച്ചാല്‍ അതിന് മറുപടി നല്‍കണമോയെന്ന് തീരുമാനിക്കേണ്ടത് സുധാകരനാണെന്നും സതീശന്‍ വ്യക്തമാക്കി.

 

Top