ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്.

ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു. കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്‍റ് കെകെ ദിവാകരൻ അറിയിച്ചു.

നേരത്തെ ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ താൻ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത് ഉത്തരവല്ലായിരുന്നു എന്നായിരുന്നു ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്. മെയ് 1 മുതല്‍ ഡ്രൈവിംഗ് പരിഷ്കരണങ്ങള്‍ നിലവില്‍ വരുമെന്നാണ് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നത്.

Top