അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി; ആഗസ്ത് ആറിന് സര്‍വകക്ഷിയോഗം

pinarayi vijayan

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഓഫീസ് ആക്രമണവും കോടിയേരിയുടെ മകന്റെ വീട് ആക്രമിച്ചതും അപലപനീയമെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്തും കണ്ണൂരും കോട്ടയത്തും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും അടുത്തമാസം ആറിന് വൈകീട്ട് 3 മണിക്ക് സര്‍വ്വകക്ഷിയോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഇനിയങ്ങോട്ട് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ടു പാര്‍ട്ടികളും ശ്രമിക്കും, ഇരുപാര്‍ട്ടികളും അണികള്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സമാധാന ചര്‍ച്ച റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തത് എന്തിനാണെന്ന ചോദ്യത്തോട് മുഖ്യമന്ത്രി ഒന്നും പ്രതികരിച്ചില്ല.

രാവിലെ മസ്‌കറ്റ് ഹോട്ടലില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞത് എന്തിനാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി നടന്നു നീങ്ങുകയായിരുന്നു.

Top