കൊല്ലം തുറമുഖത്തെ മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം-കാര്‍ഗോ ടെര്‍മിനല്‍ ഉത്ഘാടനം ഇന്ന്

കൊല്ലം: കൊല്ലം തുറമുഖത്ത് പുതിയതായി നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം-കാര്‍ഗോ ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും. കൊല്ലം തുറമുഖത്ത് നിലവിലുള്ള 178 മീറ്റര്‍ വാര്‍ഫിന് പുറമേ 20 കോടി രൂപാ ചിലവിലാണ് 100 മീറ്റര്‍ നീളമുള്ള പുതിയ മള്‍ട്ടിപര്‍പ്പസ് പാസഞ്ചര്‍-കം- കാര്‍ഗോ വാര്‍ഫ് നിര്‍മ്മിച്ചിരിക്കുന്നത്.

യാത്രാക്കപ്പല്‍ ഇല്ലാത്തപ്പോള്‍ കാര്‍ഗോ കപ്പലുകള്‍ തീരത്തേക്ക് അടുപ്പിക്കാന്‍ കഴിയും വിധമുള്ള വിവിധോദ്ദേശ ടെര്‍മിനലാണിത്. മാത്രമല്ല, കൊല്ലവും ലക്ഷദ്വീപുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കും. ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് കപ്പലുകള്‍ക്കും ഇനി അനായാസം കൊല്ലത്തെത്താനാകും. നിലവില്‍ ഇവ ബേപ്പൂരിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ നിലവില്‍ വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന കപ്പലിലെ ക്രു ചെയ്ഞ്ച് സംവിധാനം കൊല്ലം തുറമുഖത്തും ലഭ്യമാകും.

ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായതോടെ മിനിക്കോയി-കൊല്ലം വിനോദസഞ്ചാര കടല്‍പ്പാതയ്ക്കും സാധ്യത തെളിഞ്ഞിരിക്കുകയാണ്.മെക്കാനിക്കല്‍ എഞ്ചിനീയിറിംഗ് വര്‍ക്ക്ഷോപ്പിന് മുകളില്‍ ഒരു എമിഗ്രേഷന്‍ കൗണ്ടര്‍ തുടങ്ങുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. ഓഫീസിനാവശ്യമായ ഉപകരണങ്ങള്‍ ലഭിക്കുന്ന മുറക്ക് ഇതും പ്രവര്‍ത്തന സജ്ജമാകും.കൂടാതെ കൊല്ലം തുറമുഖത്ത് ഗേറ്റ് ഹൗസ് , വര്‍ക്ക്ഷോപ്പ്, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക് തുടങ്ങിയവയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

Top