മരട് ഫ്ലാറ്റ് ഒഴിപ്പിക്കല്‍ : മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോ​ഗം ഇന്ന്

തിരുവനന്തപുരം : കൊച്ചി മരടിലെ ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് നടക്കും. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ 20-നുള്ളിൽ തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഒഴിപ്പിക്കാൻ നഗരസഭ നൽകിയ സമയപരിധി തീർന്നിട്ടും ഒരു താമസക്കാർ പൊലും മാറിയിട്ടില്ല. പ്രശ്നം എങ്ങിനെ തീർക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സർവ്വകക്ഷിയോഗം ചേരുന്നത്.

ഇതിനിടെ സര്‍വകക്ഷിയോഗ തീയതി തീരുമാനിച്ചത് തന്നോട് കൂടി ആലോചിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സര്‍വകക്ഷി യോഗ തീയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളില്‍ മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top