മുഖ്യമന്ത്രി മഹിളാ കോണ്‍ഗ്രസിനോട് കളിക്കണ്ട, കളിച്ചാല്‍ സ്ത്രീകള്‍ മര്യാദ പഠിപ്പിക്കും; ജെബി മേത്തര്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. അക്രമ യാത്രയ്ക്കെതിരെ സ്ത്രീ സമൂഹം പ്രതികരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ പറഞ്ഞു. പിണറായി വിജയന്‍ കിം ജോങ് ഉന്നിന്റെ പിന്‍ഗാമിയാകാന്‍ ശ്രമിക്കുകയാണ്. മഹിളാ കോണ്‍ഗ്രസിനോട് കളിക്കണ്ട, കളിച്ചാല്‍ സ്ത്രീകള്‍ മര്യാദ പഠിപ്പിക്കുമെന്നും ജെബി മേത്തര്‍ വ്യക്തമാക്കി.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സംഗമം നടത്തിയപ്പോള്‍ തന്നെ പിണറായിക്കും സഖാക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകളെയും വണ്ടിയുടെ ഡ്രൈവറെയും ഡിവൈഎഫ്‌ഐക്കാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകളെ മര്‍ദിച്ചത് എന്ത് ‘രക്ഷാ പ്രവര്‍ത്തനമാണ്’ എന്നും ജെബി മേത്തര്‍ ചോദിച്ചു.

ഏത് അക്രമവും കൊള്ളരുതായ്മയും മുഖ്യമന്ത്രിക്ക് രക്ഷാ പ്രവര്‍ത്തനമാണ്. ചട്ടിക്ക് തലയ്ക്ക് അടിക്കുന്നതും ഹെല്‍മെറ്റ് കൊണ്ട് അക്രമിക്കുന്നതും എന്ത് നവകേരളമാണ് എന്നും ജെബി മേത്തര്‍. കളമശേരിയില്‍ ജലപീരങ്കി പ്രയോഗത്തില്‍ പരുക്കേറ്റ സ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്. സമരം ചെയ്തത്തിന്റെ പേരില്‍ നിരവധി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി പീഡിപ്പിക്കുകയാണ്. ചാവക്കാട് പൊലീസ് സ്റ്റേഷന് സമീപം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് ശിക്ഷിക്കണം. പൊലീസ് കൈയും കെട്ടിയിരുന്നാല്‍ തൃശൂരിലെ മുഴുവന്‍ മഹിളാ കോണ്‍ഗ്രസുകാരും പൊലീസ് സ്റ്റേഷനിലേക്ക് വരുമെന്നും ജെബി മേത്തര്‍ മുന്നറിയിപ്പ് നല്‍കി.

Top