തിരുവനന്തപുരത്ത് കോവിഡ് രൂക്ഷമാകുന്നു; സമരങ്ങള്‍ വൈറസ് വ്യാപനം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍. 18 ശതമാനം ആക്ടീവ് കേസുകളാണ് ഇപ്പോള്‍ ജില്ലയില്‍ ഉള്ളത്. ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള 175 മരണവും തിരുവനന്തപുരത്താണ്. ആകെ മരണത്തിന്റെ 32 ശതമാനമാണ് ഇതെന്നും മുഖ്യമന്ത്രി.

കോവിഡ് സാഹചര്യത്തില്‍ ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന സമരങ്ങള്‍ ഒഴിവാക്കണമെന്ന് എത്രതവണ പറഞ്ഞിട്ടും നടപ്പാകുന്നില്ല. ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് കോവിഡ് പ്രതിരോധിക്കാന്‍ ആദ്യം ചെയ്യേണ്ട മാര്‍ഗ്ഗം. എന്നാല്‍ സമരങ്ങള്‍ വൈറസിന് വ്യാപിക്കുവാന്‍ അവസരം ഒരുക്കിക്കൊടുക്കുകയാണ്. സമരങ്ങളെ പ്രതിരോധിക്കുന്ന പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ കോവിഡ് ബാധിക്കുന്ന സ്ഥിതിയാണ്.101 പൊലീസുകാര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഡിവൈഎസ്പി, ഇന്‍സ്പെക്ടര്‍, 71 സിവില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 412 കേസുകളുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 3007 പേരാണ് ഇന്ന് രോഗവിമുക്തരായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Top