റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ ചില പ്രശ്‌നങ്ങളുണ്ടായി; മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എ.ഇ. റെഡ്ക്രസന്റുമായി നടത്തിയ ഇടപാടുകളില്‍ ചില പ്രശ്‌നങ്ങള്‍ വന്നിട്ടുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റെഡ്ക്രസന്റുമായുള്ള ഇടപാടില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞത്. റെഡ് ക്രസന്റിന് വീട് നിര്‍മിക്കാനുള്ള ഭൂമി വിട്ടുനല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നായിരുന്നു വിശദീകരണം. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കമ്പനിയില്‍നിന്ന് കോടികളുടെ കമ്മിഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നശേഷമായിരുന്നു ഇത്.

ഇപ്പോഴും സര്‍ക്കാര്‍ അങ്ങനെയാണോ കരുതുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്.

റെഡ്ക്രസന്റുമായി ബന്ധപ്പെട്ട കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ മുഖേന പുറത്തുവന്നിട്ടുണ്ട്. ആ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. മറ്റു കാര്യങ്ങളില്‍ സര്‍ക്കാരിനു ബന്ധമില്ലെന്നു പറഞ്ഞത് ശരിയാണ്. അവിടെത്തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇ. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് മതഗ്രന്ഥം കൊണ്ടുവന്നതും റെഡ്ക്രസന്റുമായുള്ള ഇടപാടും നടന്നിട്ടുള്ളത് നിയമപരമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന് തന്റെ ബോധ്യം ഒരു നിയമത്തിനും വിരുദ്ധമല്ലെന്നുള്ളതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

Top