കാലാവസ്ഥ പ്രവചനത്തില്‍ പാളിച്ച ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും പരിസ്ഥിതി കൂടി പരിഗണിച്ചാകും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും മുഖ്യമന്ത്രി. പുനരധിവാസ രീതികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

മഴയെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാകും റോഡ് നിര്‍മാണം. ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് വീട് നിര്‍മാണം വേണമോയെന്ന് പഠിക്കും. കൃഷിച്ചെയ്യുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി വിശദീകരണത്തില്‍ വ്യക്തമാക്കി.

കൃഷിച്ചെയ്യുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി വിശദീകരണത്തില്‍ വ്യക്തമാക്കി. ഇടുക്കിയില്‍ നിന്ന് എല്ലാവരേയും ഒഴിപ്പിക്കാന്‍ പോകുന്നില്ലെന്നും ആടിനെ പട്ടിയാക്കുന്ന പ്രചാരണം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ എം മാണിക്ക് നല്‍കിയ മറുപടി എന്നരീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

പ്രളയത്തെ അതിജീവിക്കാന്‍ സഹായിച്ചവര്‍ക്ക് നന്ദിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കാലാവസ്ഥാ പ്രവചനത്തില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നു. അതിതീവ്രമഴയുടെ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരുന്നില്ല. കാലാവസ്ഥാ പ്രവചനത്തിന് അതീതമായ മഴയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 8ന് ശേഷം മഴക്കെടുതിയില്‍ 331 പേരാണ് മരിച്ചത്. 14 പേരെ കാണാതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയക്കെടുതി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായി ചലിപ്പിക്കാനായെന്ന് മുഖ്യമന്ത്രി.

മുല്ലപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. ബാണാസുര സാഗര്‍ തുറന്നതിലും വീഴ്ചപറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടില്‍ പ്രളയം ഉണ്ടായത് ഡാം തുറന്നത് കൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിനുള്ള കേന്ദ്രസഹായത്തില്‍ കുറവു വന്നേക്കാമോ എന്ന ആശങ്ക പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പങ്കുവച്ചു. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ മന്‍കീബാത്തില്‍ ചട്ടപ്രകാരമുള്ള സഹായം കേരളത്തിന് നല്‍കുമെന്നാണ് പറഞ്ഞതെന്നും അങ്ങനെ ആണെങ്കില്‍ സഹായം കുറയുമെന്നും അത്തരമൊരു ഘട്ടം വന്നാല്‍ ഒറ്റക്കെട്ടായി നിന്ന് സഹായം ചോദിച്ചു വാങ്ങണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ചട്ടപ്രകാരമുള്ള സഹായം അല്ല പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെടുന്നതെന്ന് ഇതിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയിലുള്ള സഹായം കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി പിണറായി പറഞ്ഞു. പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും ഇവിടെയെത്തിയപ്പോള്‍ അവര്‍ക്കൊപ്പം ഞാന്‍ സഞ്ചരിച്ചതാണ്. പ്രളയത്തിന്‍റെ ദുരന്തമുഖം കണ്ട് അവര്‍ക്കുണ്ടായ പ്രതികരണം നേരിട്ടറിഞ്ഞതാണെന്നും പിണറായി പറഞ്ഞു. വീണു കിടന്നു കരയാനല്ല മാനത്തേക്ക് പറക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഒറ്റക്കെട്ടായി നിന്ന് നാം ആ ലക്ഷ്യംനേടണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ പ്രളയക്കെടുതിയെ തുടര്‍ന്നുള്ള പ്രത്യേക സമ്മേളനം തീര്‍ത്ത് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Top