മുഖ്യമന്ത്രി അമേരിക്കയില്‍ തന്നെ ചികിത്സിക്കണം, പക്ഷേ… ചോദ്യങ്ങളുമായി ശോഭാ സുരേന്ദ്രന്‍

പാലക്കാട്: അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകേണ്ട വിദഗ്ധ ചികിത്സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലും താങ്കളുടെ സര്‍ക്കാര്‍ ഒരു വലിയ പരാജയമാണെന്ന സത്യം മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഈ യാത്രയെന്ന് ശോഭ ഫേസ്ബുക്കില്‍ കുറിച്ചു.

ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ വിദഗ്ധ ചികില്‍സയ്ക്ക് അമേരിക്കയിലേക്കു പോവുകയാണ് ഏറ്റവും നല്ല കാര്യം. അമേരിക്കയില്‍ തന്നെ ചികില്‍സിക്കണം. പക്ഷേ, ഞങ്ങള്‍, കേരളത്തിലെ ജനങ്ങള്‍ക്ക് ചില ആരോഗ്യചികില്‍സാ കാര്യങ്ങള്‍ ചോദിക്കാനുണ്ട്. കേരളത്തിന്റെ പൊതുജനാരോഗ്യ പരിരക്ഷയിലും, മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകേണ്ട വിദഗ്ദ്ധ ചികില്‍സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലും താങ്കളുടെ സര്‍ക്കാര്‍ ഒരു വലിയ പരാജയമാണെന്ന സത്യം മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഈ യാത്ര.

എന്താണ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഇപ്പോഴത്തെ അവസ്ഥ? കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളേക്കുറിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ നിരവധിയാണ്. ചികില്‍സാ പിഴവ് മൂലമുള്ള മരണങ്ങള്‍, ഡോക്ടര്‍മാര്‍ മുതല്‍ താഴേക്ക് വിവിധ തലങ്ങളിലുള്ളവരുടെ പെരുമാറ്റദൂഷ്യം തുടങ്ങി പലതും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ നിന്ന് മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നഴ്‌സിന്റെ വേഷമിട്ടു വന്ന സ്ത്രീ എടുത്തുകൊണ്ടുപോകുന്നു. വെള്ളക്കോട്ടിട്ടു വന്നാല്‍ ഐഡന്റിറ്റി കാര്‍ഡ് പോലും വേണ്ട. ഇതേ കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സറില്ലാത്ത സ്ത്രീക്ക് തെറ്റായ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി ചെയ്ത സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. എന്നിട്ട് കാന്‍സര്‍ ചികില്‍സാ വിഭാഗത്തിലെ ആര്‍ക്കെങ്കിലുമെതിരേ നടപടിയുണ്ടായോ? ആഴ്ചകള്‍ക്കു മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂടെയുള്ള യുവാവിനെ കയറ്റിവിടാതിരിക്കുകയും അത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടം ചേര്‍ന്നു മര്‍ദിക്കുകയും ചെയ്തത് ഓര്‍ക്കുന്നു. കോട്ടയത്ത് ഒരു സ്ത്രീ നാലു ദിവസമായി കുഞ്ഞിനെ മോഷ്ടിക്കാന്‍ തക്കം പാര്‍ത്തു നടക്കുകയും ഒടുവില്‍ കുഞ്ഞിനെ കടത്തുകയും ചെയ്തു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അമ്മയെ കാണാനെത്തിയ 22 വയസ്സുള്ള പെണ്‍കുട്ടി അറ്റകുറ്റപ്പണിയിലായിരുന്ന ലിഫ്റ്റില്‍ കയറി താഴേയ്ക്കു വീണ് ഗുരുതരമായി പരിക്കേറ്റു മരിച്ചത് മാസങ്ങള്‍ക്കു മുമ്പാണ്. കുത്തഴിഞ്ഞ ആരോഗ്യവകുപ്പിന്റെ യാഥാര്‍ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പിആര്‍ പരസ്യങ്ങള്‍ മാത്രമാണ് കേരളത്തില്‍ ബാക്കി.

കേരളത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭരണാധികാരിയാണെന്ന് ശ്രീ പിണറായി വിജയന്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഈ സ്ഥിതിയില്‍ മുന്നോട്ടു പോകാന്‍ പറ്റില്ല. മുഖ്യമന്ത്രി അമേരിക്കയിലേക്കു പോകുന്നതിനു മുമ്പ് കേരളത്തിലെ ആരോഗ്യമേഖലയില്‍, പ്രത്യേകിച്ചും ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ രോഗീ സൗഹൃദപരമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണത്തിന് തീരുമാനമെടുക്കണം.

Top