‘ആദ്യം അമ്മയെയും പെങ്ങളെയും തിരിച്ചറിയണം’; ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുസ്ലീംലീഗ് നേതാക്കളുടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബത്തില്‍ നിന്നാണ് സംസ്‌കാരം തുടങ്ങേണ്ടതെന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചെത്തുകാരന്റെ മകനായതില്‍ അഭിമാനമുണ്ടെന്ന് പല വേദികളിലും താന്‍ പറഞ്ഞിട്ടുണ്ട്. ചെത്തുകാരന്റെ മകനെന്ന് വിളിച്ചാല്‍ പിണറായി വിജയന് വിഷമമാകുമോയെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും ലീഗിനോട് മുഖ്യമന്ത്രി ചോദിച്ചു.

”നിങ്ങളുടെ സംസ്‌കാരം എവിടെയാണ് എത്തുന്നത്. കേരളം കണ്ടതാണ് കോഴിക്കോട് വേദിയില്‍ ലീഗിലെ എല്ലാ നേതാക്കളെയും ഇരുന്ന് കൊണ്ട് നിങ്ങളുടെ പ്രാസംഗികന്‍മാരുടെ വായില്‍ നിന്ന് വന്നത്. എന്തിനാണ് നിങ്ങള്‍ക്ക് ഇത്രയും അസഹിഷ്ണുത. വഖഫ് ബോര്‍ഡ് പ്രശ്‌നവുമായി ബന്ധപ്പെട്ട്, എന്റെ ഹൈസ്‌കൂള്‍ ജീവിതകാലത്ത് മരണപ്പെട്ട എന്റെ പാവപ്പെട്ട അച്ഛനെ പറയുന്നത് എന്തിനാണ്. അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. അദ്ദേഹം ചെത്തുകാരനായതാണോ ചെയ്ത തെറ്റ്. ആ ചെത്തുകാരന്റെ മകനായതില്‍ അഭിമാനമുണ്ടെന്ന് പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെത്തുകാരന്റെ മകനെന്ന് വിളിച്ചാല്‍ പിണറായി വിജയന് വിഷമമാകുമോയെന്നാണോ നിങ്ങള്‍ കരുതുന്നത്.” മുഖ്യമന്ത്രി പറഞ്ഞു

മന്ത്രി മുഹമ്മദ് റിയാസിനെ അവഹേളിച്ച ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ലീഗ് നേതാക്കളുടെ സംസ്‌കാരമെന്താണെന്ന് വഖഫ് സമ്മേളനത്തോടെ ജനങ്ങള്‍ക്ക് മനസ്സിലായി. ഓരോരുത്തരുടെ സംസ്‌കാരത്തിന് അനുസരിച്ചാണ് ഓരോരുത്തരും സംസാരിക്കുക. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയാനാഗ്രഹിക്കുന്നില്ല. പക്ഷെ അമ്മയേയും പെങ്ങളേയും തിരിച്ചറിയണമെന്ന് മാത്രമാണ് ഓര്‍മിപ്പിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വോട്ടുവിഹിതത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ലീഗിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുകയാണ്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ മുസ്‌ലിം ബഹുജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെട്ടിട്ടുണ്ട്. അത് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിരട്ടി കാര്യം നേടാമെന്ന് ലീഗ് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top