പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സാധാരണ റാങ്ക് ലിസ്റ്റ് കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭ്യമായ എല്ലാ ഒഴിവും നികത്തണം എന്നതാണ് സര്‍ക്കാര്‍ നയം. ആഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ പട്ടികയും മൂന്ന് വര്‍ഷം പിന്നിടുന്നവയാണ്. പട്ടികയുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ നീട്ടുന്നതിന് പരിമിതി ഉണ്ട്. അതിന് അസാധാരണ സാഹചര്യം വേണം. ഒന്നുകില്‍ നിയമന നിരോധനം വേണം. അല്ലെങ്കില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കണം. ഇവ രണ്ടും ഇപ്പോള്‍ ഇല്ല. മാറ്റിവച്ച പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും രോഗ തീവ്രത കുറഞ്ഞാല്‍ നടത്തും. ഇക്കാര്യങ്ങളൊന്നും സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, പി എസ് സിയെ കരുവന്നൂര്‍ സഹകരണബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്നും അതിനെ പാര്‍ട്ടി സര്‍വ്വീസ് കമ്മീഷനാക്കരുതെന്നും ഷാഫി പറമ്പില്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരെ എന്തിനാണ് പി എസ് സി അപ്പീല്‍ പോയത്. അതിന് എന്തിനാണ് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത്. സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളോട് പ്രതികാര നടപടി എടുക്കുകയാണ്. സര്‍ക്കാരിന് പിടിവാശിയാണെന്നും ഷാഫി ആരോപിച്ചു.

 

Top