ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ആളെ കൂട്ടലല്ല സംഘടനാ പ്രവര്‍ത്തനമെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഭാഗീയത ഇല്ലാതായെങ്കിലും ചിലര്‍ തുരുത്തുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.

പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുന്‍ എംപി എ സമ്പത്തിനെതിരെയും വിമര്‍ശനം ഉണ്ടായി. സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ട ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. ദത്ത് കേസുമായി ബന്ധപ്പെട്ടും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വിഷയവുമായി ബന്ധപ്പെട്ട് ശരിയായ നിലപാട് സ്വീകരിക്കാനായോ എന്ന് ചോദിച്ച മുഖ്യമന്ത്രി ഇക്കാര്യം പരിശോധിക്കണമെന്നും വ്യക്തമാക്കി. ഫെയ്‌സ് ബുക്ക് വ്യക്തി ആരാധനയ്ക്ക് ഉപയോഗിക്കരുത്. വിഭാഗീയതയുടെ തുരുത്തുകള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മൂഖ്യമന്ത്രി വ്യക്തമാക്കി.

പിഎസ്സി കോപ്പിയടി വിവാദം പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോര്‍പ്പറേഷന്‍ നികുതി വെട്ടിപ്പു കേസും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗര മേഖലയിലും ചിറയിന്‍കീഴ് താലൂക്കില്‍ ബിജെപി മുന്നേറുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രതിനിധികളെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രതികരണം.

Top