ബ്രണ്ണന്‍ കോളജ് വിവാദങ്ങള്‍ക്ക് ഇനി മറുപടിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രണ്ണന്‍ കോളജ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകാധിപതിയെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ ആരോപണത്തില്‍ അതൊക്കെ ജനം തീരുമാനിക്കട്ടെയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും വാരികയില്‍ അച്ചടിച്ച് വന്ന കാര്യങ്ങള്‍ സുധാകരന്‍ പറഞ്ഞതല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞതാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അദ്ദേഹം പറയാത്ത ഒരു കാര്യത്തെപ്പറ്റി വീണ്ടും എന്തെങ്കിലും പറയാനില്ല മുഖ്യമന്ത്രി പറഞ്ഞു. മക്കളെ തട്ടിക്കൊണ്ട് പോകുമെന്ന ഭീഷണിപ്പെടുത്തിയത് എന്ത് കൊണ്ട് മറ്റാരെയും അറിയിച്ചില്ലെന്ന് ചോദ്യത്തിന് അതാണ് വ്യത്യാസം എന്നായിരുന്നു പിണറായി വിജയന്റെ മറുപടി.

ജനങ്ങള്‍ എന്താണോ തീരുമാനിച്ചത് അതനുസരിച്ചുള്ള പദവിയില്‍ നില്‍ക്കുകയാണല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ ഇതിന് മുന്‍പും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പല നീക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. അതൊന്നും തന്നെ പ്രത്യേകിച്ച് ബാധിക്കുന്ന കാര്യങ്ങളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top