ലൈഫ് പദ്ധതി രാജ്യത്തിന് തന്നെ മാതൃകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ സമാനതകളില്ലാത്ത പാര്‍പ്പിട വികസന പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതി വഴി രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈഫ് പദ്ധതിയിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചത് അഭിമാനകരമാണ്. എല്ലാവര്‍ക്കും അന്തസോടെ ജീവിക്കാനുള്ള അവസരം ഒരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തിന് തന്നെ മാതൃകയാണ് ലൈഫ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മിഷനുകളെല്ലാം വിജയമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആര്‍ദ്രം പദ്ധതി വഴിയാണ് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ കൈപിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രത്യാശയോടെ സര്‍ക്കാരിനെ കാണുന്ന വലിയ ജനവിഭാഗമുണ്ട്. പാവപ്പെട്ടവര്‍ക്ക് കൈതാങ്ങായി നില്‍ക്കുമെന്ന നിശ്ചയദാര്‍ഡ്യമാണുള്ളത്. സര്‍ക്കാരിന് ഒരുപാട് പരിമിതികളുണ്ടെന്നും അതിനെ അതിജീവിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top