ജൂലായ് ഒന്നു മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂലായ് ഒന്നു മുതല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണിത്. സ്‌കൂളുകളുടെ കാര്യത്തില്‍ അദ്ധ്യാപകരുടെ വാക്‌സിനേഷന് മുന്‍ഗണന നല്‍കും. കുട്ടികളുടെ വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കകം ലഭ്യമായിത്തുടങ്ങും എന്നാണ് വാര്‍ത്തകള്‍ ഉള്ളത്. ലഭ്യമാകുന്ന മുറക്ക് കാലതാമസമില്ലാതെ അതും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പെട്ടെന്നു തന്നെ വാക്‌സിന്‍ നല്‍കി കോളേജുകള്‍ തുറക്കാനുള്ള സാഹചര്യം ഒരുക്കുന്നത് ആലോചിക്കുന്നുണ്ട്. 18 വയസ്സുമുതല്‍ 23 വരെയുള്ള വിഭാഗത്തിന് പ്രത്യേക കാറ്റഗറിയാക്കി വാക്‌സിനേഷന്‍ നല്‍കും. അവര്‍ക്കുള്ള രണ്ടാം ഡോസും കൃത്യസമയത്തു നല്‍കിയാല്‍ നല്ല അന്തരീക്ഷത്തില്‍ കോളേജുകള്‍ തുറക്കാനാവും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യാത്തവരെ കണ്ടെത്തി രജിസ്‌ട്രേഷന്‍ നടത്തി വരികയാണ്. വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ നടപടികള്‍ കൂടുതല്‍ ചിട്ടപ്പെടുത്തി. കൊവാക്‌സിന്റെ പുതിയ സ്‌റ്റോക്ക് ലഭ്യമായതോടെ രണ്ടാം ഡോസ് വേണ്ടവര്‍ക്ക് അതു നല്‍കാനാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top