ബാലശങ്കറിന്റെ ആരോപണം സംഘടനാ പ്രശ്‌നമെന്ന് മുഖ്യമന്ത്രി

മലപ്പുറം: സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി ഡീല്‍ സംബന്ധിച്ച ആര്‍.എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം അവരുടെ സംഘടനയ്ക്കകത്തെ പ്രശ്നമാണെന്നും അത് സിപിഎമ്മിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

അദ്ദേഹത്തിന് സീറ്റ് വേണ്ടിയിരുന്നോ, അദ്ദേഹം സീറ്റിന് ശ്രമിച്ചിരുന്നോ അതോ അദ്ദേഹം പറയുന്നത് പോലെ നരേന്ദ്ര മോദിയും അമിത് ഷായും പറഞ്ഞിട്ട് കൊടുക്കാതിരുന്നതാണോ അതോ ഇവിടുത്തെ കാര്യങ്ങള്‍ ഇവിടെയാണോ തീരുമാനിക്കുന്നത് എന്നൊക്കെയുള്ളത് അവരുടെ പ്രശ്നമാണ്. അതിനെക്കുറിച്ച് ഒന്നും പറയാനാല്ല- പിണറായി പറഞ്ഞു.

യു.ഡിഎഫാണോ ബാലശങ്കറിന്റെ ആരോപണത്തിന് പിന്നിലെന്ന ചോദ്യത്തിന് യുഡിഎഫ് അത്രത്തോളം വളര്‍ന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യു.ഡി.എഫ് ഈ കാലങ്ങളിലെല്ലാം ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയാണ്. 35 സീറ്റ് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിനെ കണ്ടു കൊണ്ടാണ്.

മറ്റ് സംസ്ഥാനങ്ങളിലൊക്കെ കാണുന്നതല്ലേ, ഇതാണ് കോണ്‍ഗ്രസിന്റെ നില എന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കോണ്‍ഗ്രസുമായി ധാരണയിലായി ചില സീറ്റുകളൊക്കെ നേടാനുള്ള ശ്രമമാണ്. ഇതൊക്കെ അതിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top