എല്ലാ പൊലീസ് സ്‌റ്റേഷനും സ്വന്തം കെട്ടിടം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്‌റ്റേഷനും എത്രയും പെട്ടെന്ന് സ്വന്തം കെട്ടിടം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിക്ക സ്‌റ്റേഷനും കെട്ടിടമായി. ബാക്കിയുള്ളവയ്ക്ക് ഉടന്‍ നിര്‍മിക്കും. പൊലീസ് സ്‌റ്റേഷന്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ രാമങ്കരി, എടത്വ, വനിതാ പൊലീസ് സ്‌റ്റേഷന്‍, പാലക്കാട് തൃത്താല, കണ്ണൂര്‍ സിറ്റിയിലെ ചൊക്ലി എന്നീ സ്‌റ്റേഷന്റെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. പ്രളയത്തില്‍ നശിച്ച എടത്വ, രാമങ്കരി സ്‌റ്റേഷന്‍ കെട്ടിടം വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നതാണ്. ശിശുസൗഹൃദ സ്ഥലം, മുലയൂട്ടല്‍ മുറി, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ എന്നിവയടക്കം ഒരുക്കി.

കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനം, കോഴിക്കോട് സിറ്റിയിലെ മൂന്ന് അപ്പര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, തൃശൂര്‍ നെടുപുഴയിലെ മൂന്ന് ലോവര്‍ സബോര്‍ഡിനേറ്റ് ക്വാര്‍ട്ടേഴ്‌സ്, പാലക്കാട് അഗളിയിലെ പൊലീസ് ബാരക്ക്, കൊല്ലം സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലെ ജില്ലാതല പരിശീലനകേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്തു.

മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് മ്യൂസിയം, കോഴിക്കോട് സിറ്റിയിലെ മലബാര്‍ പൊലീസ് മ്യൂസിയം, എറണാകുളം റൂറല്‍ ജില്ലയിലെയും മലപ്പുറത്തെയും ജില്ലാതല ഫോറന്‍സിക് ലബോറട്ടറി എന്നിവയുടെയും ഉദ്ഘാടനവും നടന്നു.

പുതിയ ബറ്റാലിയനായ കെഎപി ആറിനുള്ള കെട്ടിടം, ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനം, പാലക്കാട് പുതൂര്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം കണ്‍ട്രോള്‍ റൂം എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Top