ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ അഭിപ്രായമെന്ന് മുഖ്യമന്ത്രി

കൊച്ചി: ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതി നടപ്പാക്കണം എന്നതാണ് സര്‍ക്കാര്‍ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് ഒപ്പം നിന്ന് ചെയ്യാന്‍ കഴിയുന്നത് ചെയ്യും. വിദ്യാഭ്യാസ രംഗത്തെ ശാക്തീകരിക്കുന്നതിന് എതിരെ ചിലര്‍ പ്രചരണം നടത്തുന്നു. ജനതാല്പര്യം സംരക്ഷിച്ചു സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യണം എന്നാണ് സിപിഎം നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് യാത്രാ സൗകര്യം വര്‍ധിപ്പിക്കുകയെന്നത് ഏറ്റവും പ്രധാനം ആണ്. ദേശീയ പാത വികസനം ആരംഭിച്ചു എന്നത് ആശ്വാസകരമാണ്. തീരദേശ മലയോര ഹൈവേ പദ്ധതികള്‍ക്കായി പതിനായിരം കോടി കണ്ടെത്തിയിട്ടുണ്ട്. നാടിന്റെ വികസനത്തിന് ഇത് ആവശ്യമാണ്.

അതിവേഗം വേണ്ട അര്‍ധ അതിവേഗ റെയില്‍ മതി എന്ന് മാത്രമേ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റം വരുത്തിയുള്ളു. പദ്ധതിയില്‍ യുഡിഎഫും ബിജെപിയും വലിയ എതിര്‍പ്പ് ഉയര്‍ത്തുന്നു. എന്തിനാണ് ഇതിനെ എതിര്‍ക്കുന്നത്. യുഡിഎഫ് ബിജെപിയെ കൂട്ട് പിടിക്കുകയാണ്. ഇപ്പോ ഇത് വേണ്ട എന്ന് പറയുന്നവര്‍ ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്ന് പറയുന്നില്ല. നാടിനെ പുറകോട്ടടിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

വ്യവസായ സൗഹൃദം എന്നാല്‍ തൊഴിലാളികള്‍ക്ക് എതിരാണ് എന്നല്ല അര്‍ത്ഥം. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല ശക്തീകരിക്കപ്പെടാത്തത് മൂലമാണ് കുട്ടികള്‍ വിദേശത്തു പോകേണ്ടി വരുന്നത്. പൊതു വിദ്യാഭ്യാസ രംഗത്തു കേരളത്തില്‍ പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഉണ്ട്. കേരളത്തില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം. സ്വകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടെ ഉണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലോകോത്തര നിലവാരം ഉള്ളതാകണം. ഇതില്‍ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ഇവിടെ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് പാര്‍ട്ടി സമ്മേളനം ചര്‍ച്ച ചെയ്യുന്നത് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നാല്‍ പുറമെ നിന്നുള്ളവര്‍ ഇവിടെ പഠിക്കാന്‍ വരുമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Top