കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്രത്തിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി

pinarayi vijayan

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിനുണ്ടായ നഷ്ടം മുഴുവന്‍ തരാന്‍ കേന്ദ്രത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയം നേരിടാന്‍ പ്രവര്‍ത്തിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സര്‍ക്കാരിനോട് സ്‌പെഷ്യല്‍ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. ബാക്കിയുള്ള തുക നമ്മള്‍ തന്നെ കണ്ടെത്തണം. പ്രളയം ഉണ്ടായ ശേഷം സഹായം ആവശ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രകടിപ്പിച്ചത് ഉള്ളില്‍ത്തട്ടിയുള്ള വികാരമാണ്. കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്ന് തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തെ പുനര്‍നിര്‍മ്മിക്കുകയെന്ന് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ജനങ്ങള്‍ സര്‍ക്കാരിനെ പ്രതീക്ഷിച്ചാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ പുനര്‍നിര്‍മാണ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. പുനര്‍നിര്‍മാണത്തിനുള്ള കണ്‍സള്‍ട്ടന്‍സി സഹായം പൂര്‍ണമായും സൗജന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top