കേരളവും യുഎഇയും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി, യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച്ച

യുഎഇ: യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളവും യുഎഇയും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി.

യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു. എട്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച്ചയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്.

കൊവിഡ് വ്യാപകമായതിനുശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയോട് പ്രവാസി ക്വാറണ്ടീനിലെ അശാസ്ത്രീയത അടക്കമുള്ള വിഷയങ്ങളാണ് ഗള്‍ഫ് മലയാളികള്‍ക്ക് പരാതിപ്പെടാനുള്ളത്. ദുബായില്‍ മലയാളി സമൂഹം നല്‍കുന്ന സ്വീകരണത്തില്‍ പ്രവാസി അനുകൂല പ്രസ്ഥാവനകളുണ്ടാകുമെന്ന പ്രതീക്ഷയിലാണവര്‍. ഗള്‍ഫില്‍ കൊവിഡില്‍ മരിച്ചവര്‍ക്കുള്ള നഷ്ട പരിഹാരത്തിന്റെ പട്ടികയില്‍ പ്രവാസി കുടുംബങ്ങളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണം.

കേരളത്തിലെ വിമാനത്താവളങ്ങളിലുള്ള കൂടിയ റാപിഡ് പരിശോധനാനിരക്ക് കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് വര്‍ധിപ്പിച്ച പ്രവാസി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യണം. ശരാശരി 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണം. പ്രായമായ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും അനുവദിക്കണം. നോര്‍ക്കയുടെയും ലോക കേരളസഭയുടേയും പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ഉപകാരപ്രദമാക്കാനും മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.

Top