സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നത് സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്നത് സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹിക തിന്മകള്‍ക്ക് മതത്തിന്റെ നിറം നല്‍കുന്ന പ്രവണത ഇന്നുമുണ്ട്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലാ ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരര്‍ക്ക് കേരളത്തില്‍ ലഭിച്ച പിന്തുണയെയും പരോക്ഷമായി വിമര്‍ശിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസംഗം.

‘ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോമനപരമായും മതനിരപേക്ഷമായും ചിന്തിക്കാന്‍ ശേഷിയുള്ള തലമുറ. സാമൂഹ്യതിന്മകള്‍ക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയര്‍ന്നുവരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണം. സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങിനെ ചെയ്യുന്നത് ആ തിന്മകള്‍ക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ല, സമൂഹത്തിലെ വേര്‍തിരിവ് വര്‍ധിപ്പിക്കും.’

‘തീവ്രവാദ പ്രസ്താനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നതും സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്താനങ്ങളെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാന്‍ പഠിപ്പിച്ച ഗുരുവിന്റെ ഓര്‍മ പുതുക്കുന്ന ഈ ദിവസത്തില്‍ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാര്‍ത്ഥത്തില്‍ എടുക്കേണ്ടത്.’ മുഖ്യമന്ത്രി വ്യക്തമാക്കി.

Top