പ്രമേയത്തിലൂടെ വ്യക്തമായത് പ്രതിപക്ഷ പാപ്പരത്വമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ പാപ്പരത്വമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെ പേരില്ലെന്ന് പിടി തോമസ് തടസവാദം ഉന്നയിച്ചെങ്കിലും താന്‍ ചര്‍ച്ചയ്ക്കിടയില്‍ ഡെപ്യൂട്ടി സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് സമയം വാങ്ങിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘പ്രതിപക്ഷ നേതാവും ഉപനേതാവും ചില ഗൗരവമായ കാര്യങ്ങളാണ് ഉന്നയിച്ചത്. ഉപനേതാവ്, സ്പീക്കര്‍ ഡോളര്‍ അടങ്ങുന്ന ബാഗ് കോണ്‍സുലേറ്റിന് കൊടുക്കാന്‍ കൈമാറി എന്ന് പറഞ്ഞു. അതുവരെയുള്ള ചര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമായ സ്വരമാണ് അതിലൂടെ കേള്‍ക്കാനായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷ് 164 വകുപ്പ് പ്രകാരം മൊഴി കൊടുത്തു, അതില്‍ ഭരണഘടനാ സ്ഥാനത്തുള്ള ആളെ കുറിച്ച് പറയുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു, കോടതി അന്തംവിട്ടു എന്ന് പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി നവംബര്‍ നാലിന് ജയിംസ് മാത്യു എംഎല്‍എ ഉന്നയിച്ച സബ്മിഷന്‍ കസ്റ്റംസിനെ പുലഭ്യം പറയാന്‍ ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങിനെയൊന്നും പറഞ്ഞില്ലെങ്കിലും ഒ രാജഗോപാലിനും ഇവരുടെ അതേ വികാരമാണ്. സ്വര്‍ണക്കള്ളക്കടത്ത് നടന്നപ്പോള്‍ അന്വേഷണം എവിടെ നിന്ന് തുടങ്ങി ആരാണ് ഉത്തരവാദികള്‍ എന്ന് ഫലപ്രദമായി അന്വേഷിച്ച് കണ്ടെത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അന്വേഷണം പക്ഷെ ലൈഫ് പദ്ധതിയെ കുറിച്ചായി. നിയമസഭയുടെ പ്രത്യേക അവകാശം ലംഘിക്കപ്പെടുന്നുവെന്ന കാര്യമാണ് ജയിംസ് മാത്യു എംഎല്‍എ ഉന്നയിച്ചത്. നവംബര്‍ നാലിലെ സബ്മിഷനില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നടത്തുന്ന നീക്കം സഭയോടുള്ള അവഹേളനമാണെന്നാണ് ജയിംസ് മാത്യു ഉന്നയിച്ചത്.

ഇതിനിടെ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസരം കൊടുക്കുന്നതിനെ പിടി തോമസ് ചോദ്യം ചെയ്തു. ചര്‍ച്ച നടക്കുന്നതിനിടെ ചോദിച്ച് അനുവാദം തേടിയെന്ന് ഡപ്യൂട്ടി സ്പീക്കറും മുഖ്യമന്ത്രിയും വ്യക്തമാക്കി. സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് ഈ പരാതി റെഫര്‍ ചെയ്തപ്പോള്‍ അരങ്ങേറിയ ചില ആലോചനകളുടെ ഭാഗാമായാണ് സ്പീക്കര്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ തിരിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിയായ ആള്‍ കൊടുത്ത രഹസ്യ മൊഴി ആരെക്കുറിച്ചാണെന്നാണ് ഇതുവരെ വ്യക്തമായിട്ടില്ല. വിവിധ ഏജന്‍സികള്‍ അവരെ ചോദ്യം ചെയ്തു. ചില ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തിയാക്കി, ചിലര്‍ അന്വേഷണം തുടരുന്നു. മാസങ്ങള്‍ പിന്നിട്ട ശേഷം കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി എന്ത് തന്നെയായാലും വിശുദ്ധമായി എടുക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ആ ചോദ്യം ചെയ്യലിലൊന്നും ഇല്ലാത്ത കാര്യമാണ് പിന്നീട് 164 സ്റ്റേറ്റ്‌മെന്റിന്റെ ഭാഗമായി വരുന്നത്. അതിന്റെ വിശ്വസനീയത എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഊരാളുങ്കല്‍ ഇപ്പോള്‍ കൂടുതല്‍ ഭാരം കൊണ്ട് ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് വിശ്വാസ്യതയുള്ളത് കൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ വര്‍ക്ക് ലഭിക്കുന്നത്. മെമ്പേര്‍സ് ലോഞ്ചിന്റെ നവീകരണവുമായി ബന്ധപ്പെട്ട്, ഈ നിയമസഭ നിര്‍മ്മിക്കുന്ന കാലത്ത് അത് ഇന്ത്യയിലെ ഏറ്റവും വലിയ സഭയായിരുന്നെന്ന ആക്ഷേപം ഉയര്‍ന്നിരുന്നില്ലേ? ഒരണയുടെ കാലത്തെ സ്ഥിതിയല്ല ഇന്ന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയെ പ്രതിപക്ഷ നേതാവ് കൊച്ചാക്കി കണ്ടത് മോശമായി.

പ്രതിപക്ഷ നേതാവിന് കൂടുതല്‍ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു. എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍പത്തെ പോലെ സമയക്രമം കര്‍ശനമായി പാലിക്കുന്നില്ല. അതിനെ വല്ലാത്ത നിലയില്‍ കാണേണ്ടതില്ല.’ ഇത്തരമൊരു പ്രമേയം നേരിടേണ്ടയാളല്ല സ്പീക്കര്‍. പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്വം കൊണ്ടാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

Top